തൊടുപുഴ: വിശാല ഹിന്ദു ഐക്യത്തിനെതിരെയുള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്.
ബിജെപിയില്‍ നേതൃത്വത്തിന് ദാരിദ്ര്യമില്ലെന്നും എല്ലാവരെയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന് വ്യക്തമാക്കി. പാര്ട്ടിയിലെത്തുന്നവരെ എങ്ങനെ ഉള്ക്കൊള്ളണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കേണ്ടത് അതതു ഘടകങ്ങളാണ്. തദേശ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യങ്ങള്‍ പരിഗണിക്കും.
എസ്എന്‍ഡിപിയുമായി കൂട്ടുകൂടിയാണു മൂന്നാം മുന്നണിയുണ്ടാക്കിയെന്നു ബിജെപി ഇതു വരെ പറഞ്ഞിട്ടില്ല. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയല്ല, ബിജെപിയുടെ ഘടകകക്ഷിയുമല്ല. അവര്‍ സമുദായ സംഘടന മാത്രമാണ്. ബിജെപിക്ക് എസ്എന്‍ഡിപിയുമായി പ്രാദേശികമായി സഖ്യം മാത്രമേയുള്ളൂ. ഡിസംബര്‍ അഞ്ചിനു എസ്എന്‍ഡിപിയുടെ പാര്‍ട്ടി പ്രഖ്യാപനം വന്ന ശേഷം എസ്എന്‍ഡിപിയുമായുള്ള പ്രാദേശിക സഖ്യം തുടരണോയെന്നതിനെക്കുറിച്ച് പ്രതികരിക്കാം.
വിശാല ഹിന്ദു ഐക്യം വ്യക്തിയുടേതല്ല. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനല്ല ഇത് ആദ്യം പറഞ്ഞത്. 1980 ഏപ്രിലില്‍ എറണാകുളത്ത് വച്ച് സ്വാമി ചിന്മയാനന്ദനാണ് ഈ ആശയം മുന്നോട്ടു വച്ചത്. കടുത്ത അവഗണനയെ തുടര്‍ന്നു കേരളത്തിലെ നായര്‍ വിഭാഗം ഉള്‍പ്പെടെയുള്ള പൊതുസമൂഹം ഹൈന്ദവ ഐക്യത്തെക്കുറിച്ച് ആഗ്രഹിക്കുന്നു. ഹിന്ദു ഐക്യം കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പക്ഷേ ഇതിനെതിരെ സുകുമാരന്‍ നായര്‍ പഞ്ഞിട്ടുണ്ടെങ്കില്‍ കഷ്ടമായിപ്പോയി. സ്വന്തമായി പാര്‍ട്ടി വേണ്ടെന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ എന്‍എസ്എസിനു അവകാശമുണ്ട്.
എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് ഇടപാടുകളില്‍ തട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ വഴിയിലൂടെ അന്വേഷിക്കണം. കാര്യങ്ങള്‍ മനസിലാക്കാതെയാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വെള്ളാപ്പള്ളി നടേശനെതിരെ പ്രസ്താവന നടത്തുന്നത്. മൈക്രോ ഫിനാന്‍സ് വിവാദങ്ങളുടെ പേരില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും മുരളീധരന് പറഞ്ഞു.
Discussion about this post