പറ്റ്‌ന: ബിഹാറിൽ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മൗലവി അറസ്റ്റിൽ. നവാഡ സ്വദേശിയായ സഹദത്ത് ഹുസ്സൈൻ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി.
12 കാരിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സഹദത്ത് ഹുസ്സൈൻ പഠിപ്പിക്കുന്ന മദ്രസയിലാണ് കുട്ടി മതപഠനത്തിനായി എത്താറുള്ളത്. ഇവിടെവെച്ച് കുട്ടിയുടെ ചിത്രങ്ങൾ മൊബൈൽ പകർത്തിയ ഇയാൾ അത് മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് കാട്ടി പലതവണ ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പീഡനം അസഹനീയമായതോടെ പെൺകുട്ടി പിന്നീട് ഇയാൾ പറഞ്ഞത് അനുസരിക്കാതെ ആകുകയായിരുന്നു. വീട്ടുകാരോട് ഇക്കാര്യങ്ങൾ പറയുമെന്നും കുട്ടി പറഞ്ഞു.
ഇതിന്റെ വൈരാഗ്യത്തിൽ മൗലവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് കണ്ട പ്രദേശവാസികളും ബന്ധുക്കളും ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ പരാതി നൽകിയത്.
കഴിഞ്ഞ മൂന്ന് വർഷമായി സഹദത്ത് മദ്രസയിൽ സേവനം അനുഷ്ഠിച്ച് വരികയാണ്. കൂടുതൽ കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post