കാലാവസ്ഥ മാറുമ്പോഴെല്ലാം ചർമ്മത്തിൽ മാറ്റങ്ങൾ സംഭവിക്കാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പൊട്ടുക പതിവാണ്. അതിനാൽ നാം നിരന്തരം ബോഡി ക്രീമുകളും ലോഷനുകളും ഉപയോഗിക്കും. എന്നാൽ ശരീരത്തിലെ ചില ഭാഗങ്ങളിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കാനാവില്ല. അത്തരത്തിൽ സെൻസിറ്റീവ് ആയിട്ടുള്ള ഒരു ഭാഗമാണ് ചുണ്ടുകൾ.
തണുപ്പ് കാലത്ത് ചുണ്ട് വരണ്ട് പോകുന്നത് പതിവാണ്. എന്തൊക്കെ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ചാലും ചിലരുടെ ചുണ്ടുകളിൽ വിളർച്ച സംഭവിക്കും. ഇത്തരത്തിലുളള പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ എല്ലാവരും ലിപ് ബാമുകൾ ഉപയോഗിക്കുകയാണ് പതിവ്. ഇവയ്ക്ക് സൈഡ് എഫക്ടുകൾ ഉണ്ടാകാനും സാധ്യതകൾ ഏറെയാണ്. എന്നാൽ ഇനി ചുണ്ടിനെ സംരക്ഷിക്കാൻ എന്ത് ഉപയോഗിക്കണമെന്ന് ആലോപിച്ച് ആരും തല പുണ്ണാക്കേണ്ട. അതിന് നമ്മുടെ അടുക്കളയിലേക്കൊന്ന് പോയി നോക്കിയാൽ മതി.
അടുക്കളയിൽ ഉപയോഗിക്കുന്ന സാധാരണ വസ്തുക്കൾ ഉപയോഗിച്ച് ചുണ്ടിന്റെ സൗന്ദര്യവും ആരോഗ്യവും വീണ്ടെടുക്കാൻ സാധിക്കും. അതിനായി ആവശ്യത്തിന് വെളളം കുടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തണുപ്പ് കാലം ആയത് കൊണ്ട് തന്നെ വെളളം കുടിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ ദിവസവും 7 ഗ്ലാസ് വെളളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
അടുത്തതായി ഉപയോഗിക്കാൻ സാധിക്കുന്നത് വെള്ളത്തിന്റെ അളവ് കൂടുതലുളള കറ്റാർവാഴയാണ്. ഇത് പുരട്ടിയാൽ ദിവസം മുഴുവൻ ചുണ്ടിൽ ഈർപ്പം നിലനിൽക്കും.
രാത്രി നേരത്ത് ചുണ്ടിൽ നെയ്യ് പുരട്ടി കിടക്കുന്നതും നല്ലതാണ്. ഇത് ഏറെ നേരം ചുണ്ടിനെ ഈർപ്പത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രാത്രി നെയ്യ് ഉപയോഗിച്ചാൽ ലിപ് ബാമുകളുടെ അനാവശ്യ ഉപയോഗവും കുറയ്ക്കാം.
ആൽമണ്ട് ഓയിൽ ( ബദാം എണ്ണ ) ആണ് ചുണ്ടിന്റെ ആരോഗ്യത്തിനായി ഉപയോഗിക്കാവുന്ന മറ്റൊരു വസ്തു. ഇതിൽ വിറ്റാമിൻ എ, ഇ , എന്നിവ അടങ്ങിയിട്ടുണ്ട്. ചുണ്ടിലെ ചർമ്മത്തെ പോഷിപ്പിക്കാനും മിനുസമാർന്നതും തിളക്കമുള്ളതുമാക്കാനും ഇത് സഹായിക്കും.
തേനിലെ ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ചുണ്ടുകളെ അണുബാധയിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു. അവയെ മിനുസമാർന്നതും മൃദുലവുമാക്കാനും മുറിവുകൾ ഭേദപ്പെടുത്താനും തേൻ സഹായിക്കുന്നുണ്ട്.
Discussion about this post