വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ സുരേന്ദ്രൻ കെ പട്ടേൽ ടെക്സാസിലെ ഇരുനൂറ്റി നാൽപ്പതാം ജില്ലാ കോടതിയിൽ പുതുവർഷ ദിനത്തിൽ ജഡ്ജിയായി സ്ഥാനമേറ്റു. കേരളത്തിലെ കാസർഗോഡ് സ്വദേശിയായ സുരേന്ദ്രൻ കെ പട്ടേൽ ഇ.കെ നായനാർ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ്, കാലിക്കറ്റ് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ബീഡിത്തൊഴിലാളികളായിരുന്ന മാതാപിതാക്കളെ സഹായിക്കുന്നതിനോടൊപ്പമായിരുന്നു അദ്ദേഹം പഠനം മുന്നോട്ട് കൊണ്ടു പോയിരുന്നത്. പഠനം ഇടയ്ക്ക് വച്ച് നിർത്തിയെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും തുടർന്നു. വിദ്യാഭ്യാസത്തിനൊപ്പം ജോലിയും ചെയ്യേണ്ടി വന്നതോടെ പലപ്പോഴും ഹാജർ നില കുറഞ്ഞു. പരീക്ഷക്കിരിക്കാൻ കോളേജ് അധികൃതർ അനുവദിക്കാതിരുന്നപ്പോൾ താൻ നല്ല മാർക്ക് വാങ്ങുമെന്ന് ഉറപ്പ് പറഞ്ഞായിരുന്നു അദ്ദേഹം പരീക്ഷക്കിരുന്നത്. മാർക്ക് വങ്ങിയില്ലെങ്കിൽ പഠനം നിർത്താമെന്നും അധികൃതരോട് പറഞ്ഞു. പരീക്ഷ ഫലം വന്നപ്പോൾ കോളേജിലെ ഒന്നാമനായി.
കാലിക്കറ്റ് ഗവണ്മെന്റ് ലോ കോളേജിൽ എൽ.എൽ.ബിക്ക് ചേർന്നപ്പോഴും പണമില്ലായ്മ അലട്ടിയിരുന്നു. ഹോട്ടലുകളിൽ പാത്രം കഴുകുന്ന ജോലികൾ ഉൾപ്പെടെ ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയത്. 1996 ൽ നിയമ ബിരുദധാരിയായി. ഹോസ്ദുർഗ് കോടതിയിൽ പ്രാക്റ്റീസിംഗ് ആരംഭിച്ച അദ്ദേഹം ഒരു പതിറ്റാണ്ടു കൊണ്ട് തന്നെ സുപ്രീം കോടതി അഭിഭാഷകനായി മാറി.
2007 ൽ കുടുംബവുമൊത്ത് അമേരിക്കയിലെത്തിയ അദ്ദേഹം രണ്ടു വർഷത്തിനു ശേഷം ടെക്സാസ് അഭിഭാഷക പരീക്ഷയിൽ വിജയം നേടി. പിന്നീട് 2011 ൽ ഹൂസ്റ്റൺ ലോ സെന്ററിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. സ്വന്തം നിയമ സ്ഥാപനവും ആരംഭിച്ചു. കഴിഞ്ഞ നവംബറിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ എഡ്വാർഡ് ക്രെനെക്കിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ സുരേന്ദ്രൻ കെ പട്ടേൽ ജില്ല ജഡ്ജിയായത്.
Discussion about this post