ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഇറച്ചിക്കട നടത്തിവന്ന മുൻ മന്ത്രിയും മകനും അറസ്റ്റിൽ. ബിഎസ്പി മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന ഹാജി യാക്കൂബ് ഖുറേഷി, മകൻ ഇമ്രാൻ ഖുറേഷി എന്നിവരെയാണ് ഇറച്ചിക്കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തു.
ഡൽഹിയുടെ സമീപ മേഖലയായ ചാന്ദ്‌നി മഹലിലായിരുന്നു ഇവർ ഇറച്ചിക്കട നടത്തിയിരുന്നത്. വിവിധയിടങ്ങളിൽ നിന്നും മാംസം എത്തിച്ച് പാക്ക് ചെയ്ത് യുപിയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ദിവസം അനധികൃത കശാപ്പും, ഇറച്ചിക്കടത്തും തടയുന്നതിന്റെ ഭാഗമായി ഇവിടെ യുപി പോലീസിന്റെ പ്രത്യേക സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇവരുടെ കടയ്ക്ക് ലൈസൻസില്ലെന്ന് വ്യക്തമായത്. ഇതോടെ ഇവരെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്ക് പുറമേ സമാനരീതിയിൽ അനധികൃത ഇറച്ചക്കട നടത്തിവരികയായിരുന്ന 1 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ഗുണ്ടാ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. മീററ്റിൽ എത്തിച്ച് ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഹാജി യാക്കൂബ് ഖുറേഷിയും ഇമ്രാൻ ഖുറേഷിയും. ഇതേ തുടർന്ന് ഇവർ ചാന്ദ്‌നി മഹലിൽ രഹസ്യമായി കഴിയുകയായിരുന്നുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇവരുടെ തലയ്ക്ക് 50,000 രൂപ വീതം വിലയിട്ടതായും പോലീസ് വ്യക്തമാക്കി.
യോഗി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാജി യാക്കൂബ് ഖുറേഷി മത്സരിച്ചിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു. പ്രവാചകനെക്കുറിച്ചുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച ഫ്രാൻസ് ആസ്ഥനമായി പ്രവർത്തിക്കുന്ന പബ്ലിക്കേഷനിലെ കാർട്ടൂണിസ്റ്റുകളെ കൊല്ലുന്നവർക്ക് 51 കോടി രൂപ നൽകുമെന്ന വിവാദ പ്രസ്താവന നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post