കൊല്ലം: വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി നാട്ടുകാർ. ചിതറ സ്വദേശി സജീവനെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കീഴടക്കിയത്. തുടർന്ന് ഇയാളെ പോലീസിന് കൈമാറി.
വ്യാഴാഴ്ച കിഴക്കുംഭാഗം സ്വദേശിനിയായ സുപ്രഭയുടെ വീട്ടിലാണ് ഇയാൾ നായയും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സുപ്രഭയുടെ വീടിരിക്കുന്ന സ്ഥലം തന്റെ പിതാവിന്റേത് ആണെന്നും, തിരികെ വേണമെന്നും ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം അറിഞ്ഞ് പോലീസ് എത്തി. അക്രമം നടത്തിയതിന് സ്‌റ്റേഷനിൽ ഹാജരാകാൻ ഇയാളോട് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ച ഇയാൾ നേരെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടർന്ന് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചു. എന്നാൽ വീട്ടിൽ വളർത്തുന്ന റോഡ് വീലർ ഇനത്തിൽപ്പെട്ട നായയെ ഉൾപ്പെടെ ഇയാൾ അഴിച്ചുവിടുകയായിരുന്നു.
ഇതോടെ ഇയാളെ പിടികൂടാൻ പോലീസ് വീടിന് മുൻപിൽ മഫ്തിയിൽ കാവൽ നിന്നു. എന്നാൽ ഇയാൾ വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. നായ്ക്കളെ ഭയന്ന് പോലീസുകാർക്ക് വീടിന് അകത്ത് കടക്കാനും കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ ഇടപെടുകയായിരുന്നു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സജീവനെ പിടികൂടിയത്.
Discussion about this post