ബ്രസീലിയ: ബ്രസീലിലും ക്യാപിറ്റോൾ മോഡൽ ആക്രമണം. പാർലമെന്റ് ആക്രമിച്ച് മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോ അനുകൂലികൾ. പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീംകോടതിയും ആക്രമിച്ചു. ആക്രമിച്ചത് മൂവായിരത്തോളം തീവ്ര വലതുപക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ഫാസിസ്റ്റ് ആക്രമണമാണ് ഉണ്ടായത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇത്തരമൊരു ആക്രമണം കണ്ടിട്ടില്ല. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. കലാപം നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു.
പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് പച്ചയും മഞ്ഞയും നിറത്തിലുള്ള വസ്ത്രം ധരിച്ച പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കും സുപ്രീംകോടതിയിലേക്കും ഇരച്ചുകയറിയത്. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ യുഎസ് ക്യാപിറ്റോൾ മന്ദിരത്തിന് നേരെ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിലാണ് ബ്രസീലിലും പ്രതിഷേധക്കാരുടെ നടപടി.
കഴിഞ്ഞ ആഴ്ച്ചയാണ് ബ്രസീലിൽ പ്രസിഡന്റായി ലുല ഡ സിൽവ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബോൾസനാരോയുടെ വലതുപക്ഷ പാർട്ടിയെ തോൽപ്പിച്ചാണ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തിയത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് ലുല ഡ സിൽവ വിജയിച്ചത്. 50.9 ശതമാനവും 49.1 ശതമാനവുമാണ് യഥാക്രമം ലുലയും ബോൾസനാരോയും വോട്ട് നേടിയത്. ലുല അധികാരത്തിലെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ബോൾസനാരോ അനുകൂലികൾ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബ്രസീലിലെ സൈനിക താവളങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തി വരികയായിരുന്നു. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും, സത്യം വിജയിക്കണമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
Discussion about this post