കോട്ടയം: സമദൂര നിലപാടില്‍ നിന്ന് വ്യതിചലിച്ച് കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയ്ക്ക് പിന്തുണ നല്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ കരയോഗങ്ങള്‍ ഇന്ന് സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കി.
കോട്ടയം ജില്ലയിലെ ചിങ്ങവനം 2930 നമ്പര്‍ കരയോഗം, പത്തനംതിട്ട ജില്ലയിലെ മൈലപ്ര, കോന്നിത്താഴം കരയോഗങ്ങളും സമദൂര നിലപാടില്‍ നിന്ന് മാറി സുകുമാരന്‍ നായര്‍ എടുത്ത മാണി അനുകൂല നിലപാടിനെതിരെ പ്രമേയം അവതരിപ്പിച്ചു. സംഘടന നിലപാടിന് വിരുദ്ധമാണ് ജനറല്‍ സെക്രട്ടറിയുടെ നടപടിയെന്നാണ് കരയോഗം ഭാരവാഹികളുടെ വിമര്‍ശനം.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിവിധ കരയോഗങ്ങളും സുകുമാരന്‍ നായര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. മുവാറ്റുപുഴയില്‍ എന്‍എസ്എസ് യൂത്ത് വിംഗ് സുകുമാരന്‍ നായരുടെ കോലം കത്തിച്ചിരുന്നു. തിരുവനന്തപുരം നഗത്തില്‍ ജനറല്‍ സെക്രട്ടറിയ്ക്കെതിരെ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.
ബാര്‍കോഴ കേസില്‍ ആരോപണം തെളിയുന്നതുവരെ കെ.എം. മാണിയെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. മാണി മാന്യനാണെന്നാണ് തന്റെ അനുഭവം. അഴിമതി ആരോപണങ്ങള്‍ ആര്‍ക്കെതിരെ ഉണ്ടായാലും അന്വേഷിക്കണം. കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശിക്ഷിക്കണം അതുവരെ മാണി രാജി വെക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Discussion about this post