അഹമ്മദാബാദ്: 4 വർഷം മുമ്പ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മരിച്ചതായി പ്രചരിപ്പിക്കുകയും ചെയ്ത അദ്ധ്യാപകനെ കോടതി 14 വർഷം തടവിന് ശിക്ഷിച്ചു. പ്രത്യേക പോക്‌സോ ജഡ്ജി എഡിജെ ലവ്കുശ് കുമാറിന്റെതാണ് വിധി. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.
സിമൻപുര ഗ്രാമവാസിയായ നീരജ് മോദിയെയാണ് കോടതി ശിക്ഷിച്ചത്. 2018 ലാണ് നീരജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. തുടർന്ന് ഒക്‌ടോബർ 14 ന് വിദ്യാർത്ഥിയുടെ അമ്മ ഇയാൾക്കെതിരെ ബലാത്സംഗക്കേസ് ഫയൽ ചെയ്തു. കേസിൽ ഉൾപ്പെട്ടതോടെ നീരജ് മോദി പിതാവിന്റെ സഹായത്തോടെ താൻ മരിച്ചതായി പ്രചരിപ്പിച്ചു.
മരിച്ച് ചിതയ്ക്ക് മുകളിൽ കിടക്കുന്നതിന്റെ ഫോട്ടോ എടുക്കുകയും പിതാവിന്റെ സഹായത്തോടെ ആ ഫോട്ടോ പോക്സോ കോടതിയിൽ കാണിക്കുകയും ചെയ്തു. തുടർന്ന് കോടതി നീരജ് മരിച്ചതായി കണക്കാക്കി. പിന്നാലെ കേസ് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ നീരജ് തട്ടിപ്പ് നടത്തി കേസിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കുന്ന കാര്യം വിദ്യാർത്ഥിനിയുടെ അമ്മയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. ഓഫീസിൽ നിന്ന് തെറ്റായ മരണ സർട്ടിഫിക്കറ്റ് നൽകിയെന്ന് അറിയിച്ചുകൊണ്ട് പിർപൈന്തിയിലെ ബിഡിഒയ്ക്ക് അപേക്ഷ നൽകി.
ബിഡിഒ അന്വേഷിച്ചതോടെ മരണനാടകം പൊളിഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നീരജ് മോദിയുടെ പിതാവ് രാജാറാം മോദിക്കെതിരെ ഒരു വഞ്ചന കേസ് ഫയൽ ചെയ്യുകയും ബിഡിഒയുടെ ഉപദേശപ്രകാരം മരണ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.








