ചെന്നൈ: അജിത് നായകനാകുന്ന പുതിയ ചിത്രം ‘തുനിവിന്റെ’ ആഘോഷ പരിപാടികൾക്കിടെ ലോറിയിൽ നിന്നും വീണ് ആരാധകൻ മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശിയ ഭരത് കുമാറാണ് മരിച്ചത്. രോഹിണി തിയറ്ററിന് സമീപം പുലർച്ചെയോടെയായിരുന്നു സംഭവം.
തുനിവ് സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് അജിത് ആരാധകർ തിയറ്ററിനു മുൻപിൽ സംഘടിപ്പിച്ചത്. തിയറ്ററിൽ നിന്നും സിനിമ കണ്ട ശേഷം ഭരത് കുമാറും ഇവർക്കൊപ്പം ചേർന്നു. ഇതിനിടെ തിയറ്ററിന് മുൻപിലൂടെ കടന്നു പോകുകയായിരുന്ന ലോറിയിൽ ഇയാൾ ചാടിക്കറി നൃത്തം ചെയ്യാൻ ആരംഭിച്ചു. തുടർന്ന് നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.
വീഴ്ചയിൽ ഭരത് കുമാറിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും തലയ്ക്കും സാരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭരത് കുമാറിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഇതിനിടെ തിയറ്ററിൽ അജിത്- വിജയ് ആരാധകർ പരസ്പരം ഏറ്റുമുട്ടി. തിയറ്ററിന് മുൻപിൽ സ്ഥാപിച്ച ഫ്‌ളക്‌സ് കീറിയതിനെ തുടർന്നുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. തിയറ്ററിന് മുൻപിൽ സ്ഥാപിച്ച തുനിവിന്റെ പോസ്റ്ററുകൾ വിജയ് ആരാധകരും, വാരിസിന്റെ പോസ്റ്ററുകൾ അജിത് ആരാധകരും കീറിയെറിഞ്ഞു. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് അജിതിന്റെയും വിജയുടെയും ചിത്രങ്ങൾ ഒരുമിച്ച് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.








