പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മുഖം ചുളിക്കുന്ന പ്രദേശങ്ങൾ ഇന്നും ഇന്ത്യയിൽ ധാരാളമായുണ്ട്. അക്കൂട്ടത്തിൽ വ്യത്യസ്തമാകുകയാണ് പിപ്പലാന്ത്രി എന്ന ഗ്രാമം.ഓരോ തവണ പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴും ഗ്രാമത്തില്‍ പുതിയ 111 വൃക്ഷതൈകള്‍ നടുന്നു.ഇത്തരത്തില്‍ നാലര ലക്ഷത്തിലേറെ വൃക്ഷങ്ങളാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ ഗ്രാമത്തില്‍ ഉണ്ടായിരിക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ, എത്ര മനോഹരമായ കാഴ്ചയാണത്.പ്രകൃതിയും മനുഷ്യനും തമ്മിലെ സുദൃഢമായ ബന്ധം വ്യക്തമാക്കുന്നു പിപ്പലാന്ത്രിയിലെ ഈ വ്യത്യസ്ത ആചാരം
പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യയിലെ എല്ലാഗ്രാമങ്ങള്‍ക്കും മാതൃകയാണ് പിപ്പലാന്ത്രി. കാർഷിക ഗ്രാമമാണ് പിപ്പലാന്ത്രി. നാഗരികവത്കരണത്തിലേക്കുള്ള യാത്രയുടെ ഭാഗമായി പിപ്പലാന്ത്രിയിലെ മരങ്ങള്‍ ഓരോന്നായി മുറിച്ചുമാറ്റപ്പെട്ടു. ഒപ്പം, ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞു. ഈ രണ്ട് പ്രശ്നങ്ങൾക്കുമുള്ള പരിഹാരം എന്ന നിലയ്ക്കാണ് ‘കിരണ്‍ നിധി യോജന’ എന്നപേരില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തോടനുബന്ധിച്ച് മരങ്ങള്‍ നാട്ടു പിടിപ്പിക്കുകയും അവര്‍ക്കായി ബാങ്കില്‍ പണം ഇടുകയും ചെയ്യുന്ന പദ്ധതി പിപ്പലാന്ത്രിയില്‍ രുപീകരിക്കപ്പെട്ടത്.
മാവ്, വേപ്പ്, നെല്ലി, ശീഷം എന്നിങ്ങനെയുള്ള ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് പെൺകുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടുന്നത്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ അവളെ എങ്ങനെ സംരക്ഷിക്കുന്നുവോ ആ രീതിയില്‍ തന്നെ നട്ട മരങ്ങളെയും സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ സജ്ജരാകണം. 2006 ലാണ് ഗ്രാമത്തിൽ ഇത്തരമൊരു നിയമം വന്നത്.ഗ്രാമത്തലവനായ ശ്യാം സുന്ദര്‍ പലിവാല്‍ ആണ് ഇങ്ങനെയൊരു ആശയം ആദ്യമായി മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ മരിച്ചുപോയ മകള്‍ കിരണിന്റെ ഓര്‍മ്മയ്ക്കായി ഈ പദ്ധതിക്ക് ‘കിരണ്‍ നിധി യോജന’ എന്ന പേര് നല്‍കുകയായിരുന്നു.
Discussion about this post