വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. ആക്രമണത്തിൽ കോച്ചുകളിൽ ഒന്നിന്റെ ചില്ല് തകർന്നു. ഈ മാസം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പരീക്ഷണ ഓട്ടത്തിന് ശേഷം കോച്ചുകളിലെ അവസാന ഘട്ട പണികൾക്കായി വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നും മരിപലേമിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ പാർട്ടികൾക്ക് പങ്കുണ്ടോയെന്നകാര്യവും പരിശോധിച്ചുവരികയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സെക്കന്ദരാബാദ് റെയിൽ വേ സ്റ്റേഷനിലായിരുന്നു ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. സെക്കന്ദരാബാദിൽ നിന്നും വിശാഖപട്ടണത്തിലേക്ക് ആണ് ട്രെയിൻ സർവീസ്.
Discussion about this post