ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ്. ഷജപൂർ സ്വദേശി ആരിഫ് ഖാൻ ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. ആനന്ദ് ത്യാഗി എന്ന നാമവും അദ്ദേഹം സ്വീകരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം സനാതനധർമ്മം സ്വീകരിച്ചത്. പ്രദേശത്തെ രാജേശ്വരി ക്ഷേത്രത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ. പ്രദേശത്തെ ഹിന്ദു സംഘടനാ നേതാക്കൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഹിന്ദു മതം ഏറെ ഇഷ്ടമായെന്നും, അതിനാൽ സ്വമേധയാ ആണ് സനാതനധർമ്മം സ്വീകരിക്കുന്നതെന്നും ആരിഫ് ഖാൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ആരിഫ് ഹിന്ദു യുവതിയുമായി അടുപ്പത്തിലാണ്. യുവതിയിൽ നിന്നുമാണ് ഹിന്ദു മതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ആരിഫ് മനസ്സിലാക്കിയത്. ഇതോടെ ഹിന്ദു മതം സ്വീകരിക്കണമെന്ന ആഗ്രഹം യുവാവിന്റെ മനസ്സിൽ ഉടലെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട നിയമ നടപടികളും ആരിഫ് ആരംഭിച്ചിരുന്നു.
സനാതനധർമ്മത്തിന്റെ വാതിലുകൾ എല്ലായ്‌പ്പോഴും എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് ബജ്രംഗ്ദൾ നേതാവ് രാജേഷ് ജദം പറഞ്ഞു. 1964 മുതൽ ഹിന്ദു സംഘടനകൾ ഘർ വാപസി ക്യാമ്പെയ്ൻ നടത്തിവരുന്നു. ഷജാപൂരിൽ ആദ്യമായാണ് മുസ്ലീം വിശ്വാസി ഹിന്ദു മതം സ്വീകരിക്കുന്നത്. വർഷങ്ങളായി ആരിഫും കുടുംബവും ഷുജൽപൂരിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post