കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നടന്നത് വലിയ തോതിലുള്ള വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലോത്സവ വേദിയിൽ യക്ഷഗാനത്തെ അവഹേളിച്ചു. യക്ഷഗാനം തുടങ്ങുന്നതിന് മുൻപ് വേദിയിൽ കൊളുത്തി വെച്ച നിലവിളക്കും പൂജാദ്രവ്യങ്ങളും ഒരു സംഘമാളുകൾ വലിച്ചെറിഞ്ഞിട്ടും സംസ്ഥാന സർക്കാരോ പോലീസോ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികരുടെ ചരിതങ്ങൾ വാഴ്ത്തുന്ന സ്വാഗത ഗാനം വർഗീയമാണെന്നും ഒരു വിഭാഗത്തെ ആക്ഷേപിക്കാനാണെന്നും പറഞ്ഞ് വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും രംഗത്ത് വരുകയും അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേ മുഹമ്മദ് റിയാസും സംഘവും, യക്ഷഗാനത്തെ അവഹേളിച്ച സംഭവത്തിലും അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നടപടി ഇരട്ടത്താപ്പാണ്. സംസ്ഥാന സർക്കാർ യക്ഷഗാന കലാകാരന്മാരോടും മലബാറിനോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത കലോത്സവത്തിൽ ബീഫ് വിളമ്പാൻ തീരുമാനിച്ച ഇടതുപക്ഷ സർക്കാർ പോർക്കും വിളമ്പി മതേതരത്വം ഉയർത്തിപ്പിടിക്കണം. ഇത്രയും കാലം സാമ്പാറും പാൽപ്പായസവും ആർക്കും വർഗീയമായിരുന്നില്ല. ഭക്ഷണ വിവാദമുണ്ടാക്കി മനപ്പൂർവം ചേരിതിരിവുണ്ടാക്കിയത് ഒരു വിഭാഗത്തെ തൃപതിപ്പെടുത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post