ന്യൂഡൽഹി: ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഇന്ദ്രാണി മുഖർജിയാണ് തന്റെ മകൾ ജീവിച്ചിരിപ്പുണ്ടെന്ന് കോടതിയിൽ വെളിപ്പെടുത്തിയത്.
ഗുവാഹട്ടി വിമാനത്താവളത്തിൽ ഷീനാ ബോറയെ തന്റെ അഭിഭാഷകൻ കണ്ടെന്നാണ് ഇന്ദ്രാണി കോടതിയിൽ പറഞ്ഞത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതിനുള്ള തെളിവുകൾ ലഭിക്കുമെന്നും ഇന്ദ്രാണി മുഖർജി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ഇന്ദ്രാണിയുടെ വാദങ്ങളെ കോടതിയിൽ സിബിഐ എതിർത്തു.
കഴിഞ്ഞ ആഴ്ചയാണ് ഷീനയെ തന്റെ അഭിഭാഷക കണ്ടത് എന്നാണ് ഇന്ദ്രാണി പറയുന്നത്. തുടർന്ന് ഷീനയുടെ ദൃശ്യങ്ങൾ അറിയാതെ പകർത്തി അഭിഭാഷക തനിക്ക് അയച്ചുതന്നു. ഇതിൽ കാണുന്ന പെൺകുട്ടി ഷീന തന്നെയാണെന്നും ഇന്ദ്രാണി വ്യക്തമാക്കുന്നുണ്ട്.
കേസിന്റെ വിചാരണ വിചാരണ വേളയിൽ നേരത്തെയും ഷീനാ ബോറ ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണി കോടതിയിൽ അവകാശവാദം ഉന്നയിച്ചിരുന്നു. അന്ന് ഷീനാ ബോറയെ കശ്മീരിൽ കണ്ടെന്നായിരുന്നു ഇന്ദ്രാണി മുഖർജിയുടെ വാദം. ബൈക്കുള ജയിലിൽ കഴിയുമ്പോൾ ഷീനയെ കണ്ടതായി ഒരു പോലീസ് ഉദ്യോഗസ്ഥ തന്നെ അറിയിച്ചിരുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഷീനയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഭാവനയിൽ തോന്നുന്നത് പറഞ്ഞാൽ നിയമപരമാവില്ലെന്ന് കോടതി വിചാരണ വേളയിൽ പരാമർശിച്ചിരുന്നു.
Discussion about this post