കൊച്ചി: കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുന്നു. ഇതിനായി 27 ഏക്കർ വരുന്ന ഭൂമി കളമശ്ശേരിയിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയതായാണ് റിപ്പോർട്ട്. നിലവിൽ ഹൈക്കോടതി പ്രവർത്തിക്കുന്ന മംഗളവനത്തിൻറെ പ്രദേശത്ത് വളരെയേറെ പരിമിതികളുണ്ട്. വാഹനപാർക്കിങ്ങിനും മറ്റും ഇവിടെ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന ഹൈക്കോടതി അധികൃതരുടെ പരാതിയെ തുടർന്നാണ് സ്ഥലമാറ്റം ആലോചിക്കുന്നത്.
എന്നാൽ ഹൈക്കോടതി ആസ്ഥാനം കളമശ്ശേരിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപത്താണ് 27 ഏക്കര്‍ സ്ഥലം പുതിയതായി കണ്ടെത്തിയത്. ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, നിയമ സെക്രട്ടറി ഹരി നായര്‍, ജില്ലാ കളക്ടര്‍, ഹൈക്കോടതി രജിസ്റ്റാർ ജനറൽ എന്നിവര്‍ നേരിട്ട് എത്തി സ്ഥലം പരിശോധിച്ചു.
ഹൈക്കോടതിക്ക് പുറമെ, മീഡിയേഷന്‍ സെന്റര്‍ ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, അഭിഭാഷകരുടെ ചേംബര്‍, എന്നിവ കളമശേരിയില്‍ ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വനിതാ അഭിഭാഷകര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും. പാർക്കിങ്ങിനായും പ്രത്യേക സംവിധാനങ്ങൾ ഇവിടെ തയ്യാറാക്കും.










