ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവമാണെന്ന് ഹുബ്ബള്ളിയിൽ മാലയണിയിക്കാൻ ശ്രമിച്ച യുവാവ്. പ്രധാനമന്ത്രിയെ അടുത്ത് കാണണമെന്നത് വളരെ നാളത്തെ ആഗ്രഹമാണ്. അദ്ദേഹത്തിന് ദോഷം വരുന്ന ഒന്നും ചെയ്യാൻ ആഗ്രഹിച്ചിട്ടില്ല. തനിക്ക് അദ്ദേഹത്തോട് സംസാരിക്കണമെന്നുണ്ടെന്നും യുവാവ് പറഞ്ഞു. ഹുബ്ബള്ളി സ്വദേശി കുനാൽ ദൊംഗഡിയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രധാനമന്ത്രിയുടെ അടുത്ത് എത്താൻ ശ്രമിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണ മനുഷ്യനല്ല. അദ്ദേഹം ദൈവമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വലിയ പ്രചോദനമാണ് നൽകുന്നത്. എനിക്ക് അദ്ദേഹത്തെ അടുത്ത് കാണണം’.
‘എനിക്ക് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കണം എന്നുണ്ടായിരുന്നു. രണ്ടര വയസ്സുണ്ടായിരുന്നപ്പോൾ ഗണവേഷം ധരിച്ച് മുത്തച്ഛനൊപ്പം അദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. ഇക്കുറി കണ്ടപ്പോൾ അദ്ദേഹത്തിന് ഹസ്തദാനം നൽകണമെന്നുണ്ടായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല’- കുനാൽ ദൊംഗഡിയ പറഞ്ഞു.
ദേശീയ യുവജന ദിനമായ വ്യാഴാഴ്ച 26ാമത് ദേശീയ യുവജന്തോത്സവത്തിൽ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി കർണാടകയിൽ എത്തിയത്. തുടർന്ന് റോഡ് ഷോയിൽ പങ്കെടുത്തു. ഇതിനിടെയാണ് യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
Discussion about this post