ചെന്നൈ : തമിഴ്നാട് ഗവർണർക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന് പ്രസംഗിച്ച ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. വിവാദ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നൽകി. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.
പാർട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെടുത്തത് എന്ന് ഡിഎംകെ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉണ്ടായ സംഭവങ്ങളെ തുടർന്ന് ഗവർണർ സഭ വിട്ടു പോയതിന്റെ പേരിലായിരുന്നു ഡിഎംകെ നേതാവിന്റെ പരാമർശം. തമിഴ്‌നാട് സർക്കാർ കൊടുത്ത നയപ്രഖ്യാപന പ്രസംഗം വായിച്ചില്ലെങ്കിൽ ഗവർണറെ കശ്മീരിലെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്നാണ് ഡിഎംകെ നേതാവ് പറഞ്ഞത്. അവരെക്കൊണ്ട് ഗവർണറെ കൊല്ലിക്കുമെന്നും ശിവജി കൃഷ്ണമൂർത്തി പറഞ്ഞിരുന്നു.
ഇത് വിവാദമായതോടെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. ഗവർണർക്കെതിരെ ഭീഷണി മുഴക്കിയിട്ടും വിഷയത്തിൽ ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലെ ചൂണ്ടിക്കാട്ടി. പോലീസുകാരുടെ കൈകൾ ബന്ധിച്ചിരിക്കുകയാണ്. പോലീസ് സ്‌റ്റേഷനുകൾ പാർട്ടി ഓഫീസുകളാക്കി ഡിഎംകെ നേതാക്കൾ ഭരിക്കുകയാണെന്നും അണ്ണാമലെ കുറ്റപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഡിഎംകെയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post