തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്. കേസ് അട്ടിമറിക്കാന്‍ പണവുമായി ഇറങ്ങിത്തിരിച്ച ഒരു സംഘം തന്നെയുണ്ടെന്ന് പ്രോസിക്യൂഷന്. കൂടുതല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു ആരോപിച്ചു.
നിസ്സാം പ്രതിയായ ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപിന്റെ കൂറുമാറ്റത്തിന് പിന്നാലെയാണ് കേസ് അട്ടിമറിയ്ക്കാന്‍ പണവുമായി ഒരു സംഘം തന്നെ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്ന ആരോപണവുമായി പ്രോസിക്യൂഷന് രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രബോസിന്റെ മരണശേഷം ഒന്നാം സാക്ഷി അനൂപിനുണ്ടായ സാമ്പത്തിക പുരോഗതി അതിന് തെളിവാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ശോഭാ സിറ്റിയിലെ ജീവനക്കാരും കേസിലെ സാക്ഷികളുമായ ഏഴുപേരെയും സ്വാധീനിക്കാന്‍ ശ്രമം നടന്നതായി വിവരമുണ്ടായിരുന്നെന്ന് ചന്ദ്രബോസിന്റെ ബന്ധു ധനേഷും പറഞ്ഞു. പണം നല്കി കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്ന വിവരം പൊലീസിന് കൈമാറിയതായി ചന്ദ്രബോസിന്റെ ബന്ധുക്കള്‍ അറിയിച്ചു
അനൂപിന്റെയും ബന്ധുക്കളുടെയും മറ്റ് സാക്ഷികളുടെയും ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പാസ്പോര്‍ട്ടില്ലെന്ന് അനൂപ് കോടതിയില്‍ പറഞ്ഞതിന്റെ സത്യാവസ്ഥയും അന്വേഷണ പരിധിയിലുണ്ട്. മൊഴിമാറ്റിയ അനൂപിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഈ പരാതി ഇന്ന് പരിഗണിക്കും. മറ്റ് സാക്ഷികളുടെ വിസ്താരം വിചാരണ കോടതിയില്‍ ഇന്നു തുടരും.
ഇന്നലെ വിചാരണ കോടതിയില്‍ പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കോടുത്തത് എന്ന് അനൂപ് പറഞ്ഞിരുന്നു.
Discussion about this post