ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ വീഴ്ചയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി എംഎൽഎമാർ. ഡൽഹി നിയമസഭയിൽ ഓക്‌സിജൻ സിലിണ്ടറുമായി എത്തിയാണ് എംഎൽഎമാർ പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്ചയാണ് മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനം ആരംഭിച്ചത്.
ഡൽഹിയിലെ ജനങ്ങൾ വായുമലിനീകരണത്തിൽ ശ്വാസം മുട്ടുകയാണെന്നും സർക്കാർ നിഷ്‌ക്രിയമായി ഇരിക്കുകയാണെന്നും ബിജെപി എംഎൽഎമാർ ആരോപിച്ചു. ഡൽഹി ഗ്യാസ് ചേമ്പറായി മാറിയെന്നും അവിടെ ജീവിക്കാൻ നിർബന്ധിതമാകുന്ന രണ്ട് കോടി ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും എംഎൽഎമാർ പറഞ്ഞു.
നിലവിൽ ഡൽഹി പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണ്. ജനങ്ങൾക്ക് ശ്വാസം മുട്ടുകയാണ്. അവർ അസുഖബാധിതരായിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ വായുവും നദികളും ശുചീകരിക്കുന്നതിനെക്കുറിച്ച് യാതൊരു പരിഹാരമാർഗമോ കാഴ്ചപ്പാടോ സർക്കാരിന് ഇല്ലെന്ന് ബിജെപി എംഎൽഎ വിജേന്ദർ ഗുപ്ത ചൂണ്ടിക്കാട്ടി.
നിയമസഭയ്ക്കുളളിൽ കടന്നതോടെ സിലിണ്ടറുകൾ പുറത്തുകളയാൻ സ്പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടു. സുരക്ഷാജീവനക്കാർ ഉണ്ടായിട്ടും എങ്ങനെയാണ് സിലിണ്ടർ അകത്ത് കൊണ്ടുവന്നതെന്നും സ്പീക്കർ ചോദിച്ചു. സുരക്ഷാ ജീവനക്കാരെ അദ്ദേഹം വിളിച്ചുവരുത്തി വിശദീകരണം തേടുകയും ചെയ്തു.
അതേസമയം സമ്മേളനത്തിന്റെ ആദ്യദിനം തന്നെ എഎപി അംഗങ്ങളുടെ ബഹളത്തിൽ സഭ മുങ്ങി. ഡൽഹിയിലെ ഭരണകാര്യത്തിൽ ലഫ്. ഗവർണർ അന്യായമായി ഇടപെടുകയാണെന്ന് ചൂണ്ടിക്കാട്ടി എഎപി അംഗങ്ങളാണ് ശക്തമായ പ്രതിഷേധം ഉയർത്തിയത്. പല തവണ വിഷയത്തിൽ സഭ തടസപ്പെട്ടു. ഒടുവിൽ 10 മിനിറ്റ് മാത്രം സഭ സമ്മേളിച്ച ശേഷം ഇന്നത്തേക്ക് പിരിയുകയും ചെയ്തു.
Discussion about this post