കൗൺസിൽ ജീവനക്കാർക്ക് മുന്നിൽ വച്ച് റോഡിലേക്ക് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ ബ്രിട്ടീഷ് പൗരന് 55,000 രൂപ പിഴ. അലക്‌സ് ഡേവിസ് എന്ന യുവാവിനാണ് നിയമലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത്. പൊതു ഇടത്ത് മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരിലാണ് പിഴ.
അലക്‌സ് റോഡിലേക്ക് സിഗരറ്റ് വലിച്ചെറിയുന്ന സമയത്ത് കൗൺസിൽ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ജീവനക്കാരുടെ തൊട്ടടുത്ത് വച്ച് സിഗരറ്റ് റോഡിലേക്കിട്ട ശേഷം ഇയാൾ നടന്നു പോയി. 15,000 രൂപയാണ് ഇയാൾക്ക് ആദ്യം പിഴയായി ചുമത്തിയത്. എന്നാൽ അലക്‌സ് ഈ തുക അടയ്ക്കാൻ തയ്യാറായില്ല. പിന്നീട് സർചാർജ് ഉൾപ്പെടെ 55,603 രൂപ പിഴയടക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. സിഗരറ്റിന്റെ അറ്റം പരിസ്ഥിതിക്ക് ഏറെ ദോഷമുണ്ടാക്കുന്നതാണെന്നും, അവ നശിച്ച് പോകണമെങ്കിൽ 18 മുതൽ പത്ത് വർഷം വരെ സമയം എടുത്തേക്കാമെന്നും കൗൺസിലറും കാബിനറ്റ് അംഗവുമായ റേച്ചൽ ഹണ്ട് പറഞ്ഞു.
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വലിച്ചെറിയപ്പെടുന്ന പാഴ് വസ്തു സിഗരറ്റ് കുറ്റികളാണ്. ഓരോ വർഷവും 766.6 ദശലക്ഷം കിലോയോളം സിഗരറ്റ് കുറ്റികൾ ഉപേക്ഷിക്കപ്പെടുന്നുണ്ട്. വിഷമാലിന്യങ്ങളാണ് ഇവ. ആറ് ട്രില്യൺ സിഗരറ്റുകളാണ് എല്ലാ വർഷവും ഉത്പാദിപ്പിക്കപ്പെടുന്നത്. സിഗരറ്റുകളിൽ സെല്ലുലോസ് അസറ്റേറ്റ് നാരുകൾ എന്ന മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഇത് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും ഏറെ ദോഷകരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post