കൊച്ചി : നടി അമല പോളിന് ദർശനം നിഷേധിച്ച് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര അധികൃതർ. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതി ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമാപിച്ചത്. 1991 മേയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ‘ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുന്നില്ലെന്ന് പറയുന്നില്ല. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അതു വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടത്’ ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി.
അതേസമയം താൻ ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അകലെ നിന്ന് അനുഭവിച്ചുവെന്ന് നടി കുറിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിലാണ് അമല പോൾ തന്റെ വികാരം പങ്കുവെച്ചത്.
Discussion about this post