ന്യൂഡൽഹി: വലതുപക്ഷ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് പിടിയിലായ ഇസ്ലാമിക ഭീകരരുടെ ചോദ്യം ചെയ്യൽ ഡൽഹിയിൽ പുരോഗമിക്കുന്നു. തങ്ങൾ പ്രവർത്തിച്ചത് പാകിസ്താനിൽ നിന്നുള്ള നിർദേശമനുസരിച്ചാണെന്ന് ഭീകരൻ നൗഷാദ് അലി ഡൽഹി പോലീസിനോട് വെളിപ്പെടുത്തി. തങ്ങൾ നേപ്പാൾ വഴി പാകിസ്താനിലേക്ക് കടക്കാൻ രണ്ടുതവണ ശ്രമിച്ചുവെന്നും, രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
നൗഷാദ് അലിയും കൂട്ടാളി ജഗ്ഗയും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡൽഹിയിൽ നിന്നും പിടിയിലായത്. നിരോധിത ഭീകര സംഘടനകളായ ഹർക്കത്തുൽ അൻസാർ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പാകിസ്താനിൽ നിന്നും തങ്ങൾക്ക് നിർദേശങ്ങൾ നൽകിയിരുന്നത് അഷ്ഫാഖ്,സുഹൈൽ തുടങ്ങിയ ഭീകരരായിരുന്നു. ഇവർ ലഷ്കർ ഇ ത്വയിബ അംഗങ്ങളാണെന്നും ഡൽഹി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബിലെ ചില പ്രമുഖ സിഖ് നേതാക്കളെ കൊലപ്പെടുത്താൻ സുഹൈൽ പദ്ധതി തയ്യാറാക്കിയിരുന്നു. ഇന്ത്യയിൽ ഹിന്ദു- സിഖ് വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടാക്കുക എന്നതായിരുന്നു പദ്ധതിയെന്ന് നൗഷാദ് വെളിപ്പെടുത്തി.
ജയിലിൽ കഴിയുന്ന കാലത്ത് ഹർക്കത്തുൽ അൻസാർ ഭീകരനായിരുന്ന നദീമുമായി താൻ ബന്ധപ്പെട്ടു. പരോളിൽ ഇറങ്ങിയ ശേഷം നദീമിന്റെ നിർദേശപ്രകാരമാണ് താൻ ജിഹാദിനായി ഹർക്കത്തുൽ അൻസാറുമായി ചേർന്ന് പ്രവർത്തിച്ചതെന്നും നൗഷാദ് പോലീസിനോട് സമ്മതിച്ചു.
നേപ്പാൾ വഴി 2019ൽ താൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ, തനിക്ക് വ്യാജ പാസ്പോർട്ട് ഏർപ്പാടാക്കി തരാമെന്ന് ഏറ്റിരുന്ന നേപ്പാളി ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിലായത് തിരിച്ചടിയായെന്നും നൗഷാദ് പറഞ്ഞു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 27 വർഷമാണ് നൗഷാദ് ഇന്ത്യയിലെ പല ജയിലുകളിലായി കഴിഞ്ഞത്. ജയിൽവാസം അനുഭവിക്കുന്ന കാലയളവിൽ ജയിലിൽ കഴിയുന്ന ഭീകരരുമായി ചേർന്ന് ജിഹാദ് വിപുലമാക്കാൻ പദ്ധതികൾ തയ്യാറാക്കുകയും, പരോളിൽ ഇറങ്ങി ഇവ നടപ്പിലാക്കുകയുമായിരുന്നു ഇയാളുടെ രീതി.
വരുന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിൽ രാജ്യത്ത് ഭീകരാക്രമണങ്ങളും ആസൂത്രിത കൊലപാതകങ്ങളും നടത്തി കലാപമുണ്ടാക്കാനായിരുന്നു ഇവരുടെ പുതിയ പദ്ധതി. ഇതിന്റെ ആസൂത്രണങ്ങൾക്കിടെയാണ് ഇവർ ഡൽഹി പോലീസിന്റെ പിടിയിലായത്. ഇവർക്ക് ആയുധങ്ങളും സഹായങ്ങളും എത്തിച്ചിരുന്ന അധോലോക നേതാക്കളായ സുനിൽ രാത്തി, നീരജ് ബവാന, ഇർഫാൻ ഛെന്നു, ഹാഷിം ബാബ, ഇബ്ലി ഹസൻ, ഇമ്രാൻ പെഹല്വാൻ എന്നിവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായും ഡൽഹി പോലീസ് വ്യക്തമാക്കി.
Discussion about this post