റിയാദ്: മെസി റൊണാൾഡോ ആവേശപ്പോരാട്ടത്തിൽ ജയം നേടി പിഎസ്ജി. മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമൊപ്പം കിലിയൻ എംബപ്പെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി 5-4ന് സൗദി ഓൾ സ്റ്റാർ ഇലവനെ തോൽപ്പിച്ചു. മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോൾ നേടി. അടിയും തിരിച്ചടിയുമായി ഇരു ടീമുകളും കളം നിറയുകയായിരുന്നു.
കളി തുടങ്ങി മൂന്നാം മിനിട്ടിൽ ലയണൽ മെസിയിലൂടെ പിഎസ്ജി മുന്നിലെത്തി. നെയ്മറിന്റെ അസിസ്റ്റിൽ നിന്നാണ് മെസി പിഎസ്ജിക്ക് ലീഡ് നൽകിയത്. 34ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സമനില പിടിച്ചു. 45ാം മിനിട്ടിൽ മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ ക്രിസ്റ്റ്യാനോ ഗോൾ മടക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സെർജിയോ റാമോസിലൂടെ പിഎസ്ജി വീണ്ടും മുന്നിൽ. ആവേശം അടങ്ങും മുന്നേ ഹ്യൂൻ സു ജാങ്ങിലൂടെ സൗദിയുടെ തിരിച്ചടി. 60ാം മിനിട്ടിൽ എംബാപ്പെയും 78ാം മിനിട്ടിൽ ഹ്യൂഗോ എകിറ്റിക്കയും ഗോൾ നേടിയതോടെ പിഎസ്ജി വിജയമുറപ്പിച്ചു. എന്നാൽ പൊരുതിക്കളിച്ച സൗദിപ്പട 94ാം മിനിട്ടിൽ വീണ്ടും സൗദിയുടെ വലകുലുക്കി. അവസാന വിസിലിൽ സ്കോർ 5-4.
Discussion about this post