ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാജ്യതലസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ. വിവിധ ഭാഗങ്ങളിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പതിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിൽ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകളും മുദ്രാവാക്യങ്ങളും ശ്രദ്ധയിൽപ്പെട്ടത്. വികാസ്പുരി, ജനകപുരി, പശ്ചിം വിഹാർ, പീരാഗർഹി എന്നിവിടങ്ങളിലും പടിഞ്ഞാറൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലുമായിരുന്നു പോസ്റ്ററുകൾ പതിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഖാലിസ്ഥാൻ ഭീകരർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് സൂചന.
അതേസമയം റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധനയുൾപ്പെടെ കാര്യക്ഷമമാക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെ ചോദ്യം ചെയ്യാനും നിർദ്ദേശമുണ്ട്.
Discussion about this post