ന്യൂഡൽഹി: മെൽബണിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത സംഭവം ഞെട്ടിച്ചുവെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ സ്ഥാനപതി ബാരി ഒഫാരെൽ. സംഭവത്തിൽ കുറ്റക്കാരെ വെറുതെ വിടില്ല. അവരെ എത്രയും വേഗം പിടികൂടി കർശന ശിക്ഷ നൽകുമെന്നും ഒഫാരെൽ പറഞ്ഞു.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നുവെങ്കിലും, അത് ഒരിക്കലും അക്രമ സംഭവങ്ങൾ നടത്താനുള്ള ലൈസൻസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പോലെ തന്നെ വിഭിന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന രാജ്യമാണ് ഓസ്ട്രേലിയയെന്നും ഒഫാരെൽ ട്വീറ്റ് ചെയ്തു.
ഓസ്ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത സംഭവത്തെ ഇന്ത്യ കഴിഞ്ഞ ദിവസം ശക്തമായി അപലപിച്ചിരുന്നു. വിഷയത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെ ഇന്ത്യ നിലപാട് അറിയിക്കുകയും ശക്തമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
അടുത്തയിടെയാണ് ഓസ്ട്രേലിയയിലെ കാരം ഡൗൺസിലെ ശ്രീ ശിവവിഷ്ണു ക്ഷേത്രം അക്രമികൾ തകർക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങൾ എഴുതി വെക്കുകയും ചെയ്തത്. മറ്റൊരു ഹിന്ദു ക്ഷേത്രത്തിന് നേർക്കും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.
Discussion about this post