മുംബൈ: വാടകഗർഭധാരണത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ കുറിച്ച് പ്രിയങ്ക വാചാലയായത്. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത് മൂന്ന് മാസത്തോളം എൻഐസിയുവിലായിരുന്നു. മകളുടെ ജീവൻ തിരിച്ചു കിട്ടുമോ എന്ന കാര്യത്തിൽ പോലും സംശയമുണ്ടായിരുന്നു. കുഞ്ഞ് ജനിക്കുമ്പോൾ താനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ തന്നെ ഉണ്ടായിരുന്നു എന്നും തീരെ ചെറുതായിരുന്നു അവൾ എന്നും പ്രിയങ്ക പറഞ്ഞു.
എൻഐസിയുവിൽ തന്റെ മകളെ പരിപാലിച്ച നഴ്സുമാർ യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്ന് പ്രിയങ്ക പറയുന്നു. ദൈവത്തിന്റെ ജോലിയാണ് അവർ ചെയ്യുന്നത് എന്നും ആ കുഞ്ഞ് ശരീരത്തെ അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് എങ്ങനെയാണ് എന്ന് തനിക്കറിയില്ല എന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ തനിക്ക് കുഞ്ഞിനെ ഗർഭം ധരിക്കാൻ കഴിയുമായിരുന്നില്ല. അതിനാലാണ് വാടകഗർഭധാരണം തിരഞ്ഞെടുത്തത്. വാടകഗർഭധാരണം എന്ന ഓപ്ഷൻ ഉണ്ട് എന്നതിൽ താൻ ഭാഗ്യവതിയാണ് എന്നും താരം വെളിപ്പെടുത്തി.
വാടക ഗർഭധാരണത്തിന് തയ്യാറായത് വളരെ നല്ല സ്ത്രീയായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര കൂട്ടിച്ചേർത്തു. ദയാലുവായ ആ സ്ത്രീ ആറ് മാസം തങ്ങളുടെ അമൂല്യമായ നിധിയെ എല്ലാ രീതിയിലും സംരക്ഷിച്ചുവെന്ന് താരം പറഞ്ഞു.
മകളെ വാടക ഗർഭധാരണത്തിലൂടെ സ്വന്തമാക്കിയതിനെതിരെ ഉയർന്ന കമന്റുകൾക്കും പ്രിയങ്ക മറുപടി നൽകി. എന്നെ കുറിച്ച് ആളുകൾ സംസാരിക്കുമ്പോൾ വലിയൊരു മറ ഞാൻ അതിനിടയിൽ വളർത്തി എടുത്തിരുന്നു. അതുകൊണ്ട് എന്നെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നാൽ അവരെല്ലാവരും എന്റെ മകളെ കുറിച്ച് പറയുമ്പോൾ അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അവളെ അതിൽ നിന്നെല്ലാം മാറ്റി നിർത്തണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ചിലർ അവളുടെ രക്തമേതെന്ന് കണ്ടെത്താൻ നടക്കുമ്പോൾ ഞാൻ കൈകൾ മുറുകെ പിടിക്കും. എനിക്കറിയാം, അവളൊരു ഗോസിപ്പ് ആകാൻ പോകുന്നില്ലെന്നെന്നാണ് പ്രിയങ്ക പറഞ്ഞത്.
Discussion about this post