പൂനെ: കുട്ടികളുണ്ടാകണമെങ്കിൽ എല്ല് കഴിക്കണമെന്ന് പറഞ്ഞ് മനുഷ്യന്റെ എല്ല് യുവതിയെ കൊണ്ട് കഴിപ്പിച്ച സംഭവത്തിൽ ഏഴ് പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് മനുഷ്യന്റെ പൊടിച്ച എല്ല് നിർബന്ധിച്ച് കഴിപ്പിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഐപിസി സെക്ഷൻ 498 എ, 323, 504, 506 എന്നീ വകുപ്പുകൾക്ക് പുറമെ അന്ധവിശ്വാസ നിരോധന നിയമപ്രകാരവുമാണ് ഏഴ് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ തന്നെ പതിവായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. 2019ലായിരുന്നു യുവതിയുടെ വിവാഹം. സ്വർണവും, വെള്ളിയും, പണവുമെല്ലാം ഈ സമയം സ്ത്രീധനമായി ഇവർ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ സ്ത്രീധന നിരോധന നിയമപ്രകാരവും ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കുഞ്ഞുണ്ടാകാനെന്ന പേരിലാണ് യുവതിയെ ഭർത്താവിന്റെ കുടുംബം ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. അമാവാസി ദിവസങ്ങളിൽ യുവതിയെ ശ്മശാനത്തിലെത്തിച്ചായിരുന്നു ക്രൂരത. മരിച്ച മനുഷ്യരുടെ അസ്ഥികൾ പൊടിച്ച് കഴിപ്പിക്കുകയായിരുന്നു. ഇത് പല തവണയായി തുടർന്നതോടെയാണ് യുവതി പരാതി നൽകിയത്. കേസിന്റെ ഗൗരവം മനസിലാക്കി പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെന്നും ഡിസിപി വ്യക്തമാക്കി.
Discussion about this post