കതിഹർ: ബിഹാറിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ സാമൂഹിക വിരുദ്ധരുടെ കല്ലേറ്. ആക്രമണത്തിൽ വന്ദേ ഭാരതിന്റെ സി6 കോച്ചിന്റെ ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. പ്രധാനമന്ത്രി ട്രെയിനിന്റെ ഉദ്ഘാടനം നിർവഹിച്ച് ഒരു മാസം തികയും മുൻപ് ബിഹാറിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഇന്നലെ വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ വച്ചും വന്ദേഭാരതിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ പുറത്ത് നിന്ന് കല്ലേറ് ഉണ്ടാവുകയായിരുന്നു. അന്നും ട്രെയിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
പശ്ചിമബംഗാളിലും ഈ മാസം വന്ദേഭാരത് ആക്രമിക്കപ്പെട്ടിരുന്നു. ഡാർജിലിംഗിലെ ഫാൻസിഡെവയിൽ വച്ചാണ് രണ്ട് കോച്ചുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്. ട്രെയിനിന്റെ രണ്ട് ജനൽചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. വിശാഖപട്ടണത്ത് വച്ച് ഉദ്ഘാടനത്തിന് മുൻപ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത് കഴിഞ്ഞ ആഴ്ചയായിരുന്നു. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ചില്ലാണ് അക്രമികൾ തകർത്തത്.
Discussion about this post