ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ ഭീകര ബന്ധമുൾപ്പെടെ വ്യക്തമാക്കിക്കൊണ്ടാണ് കുറ്റപത്രം.
ഹിന്ദു വിഭാഗത്തിനിടയിൽ ഭയം വളർത്തുകയായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. പ്രദേശത്ത് വർഗ്ഗീയ ഭിന്നിപ്പ് ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 2047 ഓടെ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരികയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഉദ്ദേശ്യം. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘങ്ങളെ സംഘടന രൂപീകരിച്ചിരുന്നു. ശത്രുക്കളെ വകവരുത്താൻ പ്രത്യേക കില്ലർ സ്‌ക്വാഡുകളെയും സംഘടന നിയോഗിച്ചിരുന്നു. ആയുധ പരിശീലനം ലഭിച്ചവരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രതികളിലെ നാല് പേർ കില്ലർ സ്‌ക്വാഡിൽ ഉൾപ്പെട്ടവരാണ്.
പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താൻ ബംഗളൂരുവിലാണ് ഗൂഢാലോചന നടത്തിയത്. പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാവ് മുസ്തഫ പൈച്ചാർ ഇതിന് നേതൃത്വം നൽകി. പ്രവീണിന്റെ പേര് നിർദ്ദേശിച്ചത് മുസ്തഫയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
2022 ജൂലൈ 26നായിരുന്നു പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ അക്രമി സംഘം വാഹനം കൊണ്ട് ഇടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു. കേസിൽ മഹ്ദ് ഷിയാബ്, എ ബഷീർ, റിയാസ്, മുസ്തഫ പൈച്ചാർ, സമൂദ് കെ.എ, കോദജേ മൊഹ്ദ് ഷെരിഫ്, അബൂബക്കർ സിദ്ദിഖ്, നൗഫൽ, ഇസ്മയിൽ, ഇഖ്ബാൽ, ഷഹീദ്, മഹ്ദ് ഷഫീഖ്, ഉമർ ഫറൂർക്ക്, അബ്ദുൾ കബീർ, മുഹ്ദ് ഐ ഷ, സൈനുൾ ആബിദ്, ഷെയ്ഖ് ഹുസ്സൈൻ, സാക്കിർ, അബ്ദുൾ ഹാരിസ്, തുഫൈൽ എംഎച്ച് എന്നിവരാണ് പ്രതികൾ. ഇതിൽ ഏഴ് പേർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post