തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ചു. ഭക്ഷണ പൊതികളിൽ പാകം ചെയ്ത തീയതി, സമയം എന്നിവയ്ക്ക് പുറമേ എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം.
ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഇത്തരത്തിലുള്ള ഭക്ഷണം എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് നിലനിർത്തേണ്ടതാണ്. ഈ ഭക്ഷണ പദാർത്ഥങ്ങൾ സാധാരണ ഊഷ്മാവിൽ രണ്ട് മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും ആകുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഭക്ഷ്യവിഷബാധ ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സ്റ്റിക്കർ നിർബന്ധമാക്കിയിരിക്കുന്നത്. ഹോട്ടൽ ഉടമകളുടെ സംഘടനകളുമായുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.












