തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. കവടിയാറിലുള്ള ഫ്‌ളാറ്റിന്റെ വാതിൽ തകർത്തായിരുന്നു പോലീസ് പരിശോധന. പാറ്റൂർ ആക്രണത്തിൽ ഓം പ്രകാശിന്റെ പങ്ക് വ്യക്തമായി ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിൽ പരിശോധന നടത്താൻ പോലീസ് തയ്യാറായത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ആക്രമണത്തിനായി പ്രതികൾ ഉപയോഗിച്ച വാഹനം ഈ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവിടെ വാഹനം ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ രക്ഷപെട്ടത്.
ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നീ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരേയും തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ഓംപ്രകാശിന്റെ കൂട്ടാളികളും ആക്രമണ കേസിലെ പ്രതികളുമായ ആരിഫ്, ആസിഫ്, ജോമോൻ, രഞ്ജിത്ത് എന്നിവർ ഇന്നലെ കോടതിയിൽ കീഴടങ്ങിയിരുന്നു. വഞ്ചിയൂർ കോടതിയിലാണ് ഇവർ കീഴടങ്ങിയത്. ഇതിൽ ആരിഫ് ഒളിവിൽ കഴിയുമ്പോൾ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്റെ മകളേയും പലപ്പോഴായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. റിമാൻഡ് ചെയ്ത ഗുണ്ടകളെ ജില്ലാ ജയിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും.
ഓംപ്രകാശ് ഇപ്പോഴും ഒളിവിലാണ്. ഇയാൾ ഡൽഹിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Discussion about this post