ഗുവാഹട്ടി: സംസ്ഥാനത്ത് മദ്രസകളുടെ എണ്ണം കുറച്ച് അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇക്കാര്യത്തിൽ ന്യൂനപക്ഷ സമുദായ അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രസകളിൽ പൊതുവിദ്യാഭ്യാസം നൽകാനും, രജിസ്‌ട്രേഷൻ സംവിധാനം നടപ്പാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായങ്ങളുമായി ചേർന്നാണ് ഇക്കാര്യത്തിൽ സർക്കാർ പ്രവർത്തിക്കുന്നത്. അവരും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മദ്രസകളിലുടനീളം പരിഷ്‌കാരങ്ങൾ വരുത്തുന്നതിനുള്ള ചർച്ചകൾ നടന്നു വരികയാണെന്ന് അസം ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശം. ചില ഭീഷണികൾ ഒഴിവാക്കുന്നതിനായി ചെറിയ മദ്രസകൾ വലിയവയുമായി ലയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ” ഇന്ന് സംസ്ഥാനത്തെ മദ്രസകളെല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മദ്രസകൾ നടത്തുന്ന 68 പേരുമായി ഇന്ന് ആശയവിനിമയം നടത്തിയിരുന്നു. ചെറിയ മദ്രസകൾ വലിയവയുമായി ലയിപ്പിക്കാനും, മദ്രസ ബോർഡ് രൂപീകരിക്കാനുമുള്ള ചർച്ചകളാണ് നടത്തിയത്. അൻപതോ അതിൽ താഴെയോ വിദ്യാർത്ഥികളുള്ള മദ്രസകളെയാണ് വലിയവുമായി ലയിപ്പിക്കുന്നത്.
മദ്രസകളിൽ വിവിധ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചാണ് ചർച്ച നടത്തിയത്. സംസ്ഥാനത്തെ നൂറോളം ചെറിയ മദ്രസകൾ വലിയവയുമായി ലയിപ്പിച്ചു. മദ്രസകൾ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നത് തടയണമെന്ന ആവശ്യം മുസ്ലീം നേതാക്കൾ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഭീകരരെന്ന് സംശയിക്കുന്ന 53 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂരിഭാഗവും മദ്രസകളിലെ അധ്യാപകരായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടേണ്ടതാണെന്നാണ് മുസ്ലീം മതനേതാക്കളും അഭിപ്രായപ്പെട്ടതെന്നും’ ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞു.
Discussion about this post