കശ്മീർ: രാജ്യം എഴുപത്തിനാലാമത് റിപബ്ലിക് ദിനം ആഘോഷിക്കാനിരിക്കെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് സുരക്ഷ ശക്തമാക്കിയത്. ഉധംപൂരിൽ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്, പ്രദേശത്ത് കൂടി കടന്നു പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിടുന്നതെന്ന് സിആർപിഎഫ് സെക്കൻഡ്-ഇൻ-കമാൻഡ് കർത്താർ സിംഗ് പറഞ്ഞു.
ജമ്മു-ശ്രീനഗർ ദേശീയപാതയിലും സിആർപിഎഫ് കർശന നിരീക്ഷണമാണ് നടത്തി വരുന്നത്. ദേശീയ പാതയിൽ 24 മണിക്കൂറും പട്രോളിങ്ങും പരിശോധനയും നടത്തി വരുന്നുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിശോധന നടത്താൻ പ്രത്യേക പരിശീലനം നേടിയ സൈനികരെ വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് വരാത്ത രീതിയിലാണ് സൈനികർ സേവനം നടത്തുന്നതെന്നും കർത്താർ സിംഗ് പറഞ്ഞു. പൂഞ്ച്, രജൗരി ജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post