കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ദമ്പതിമാർക്ക് നേരെ അതിക്രമം. പിഞ്ചു കുഞ്ഞിന്റെ കൊഞ്ചൽ പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്റെ മാതാപിതാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം സ്വദേശികളായ ഷാഹുൽ റഷീദ്,കെ.ആർ.രാജീവ്,കോരുത്തോട് സ്വദേശി അനന്തു പി ശശി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. അമ്മയുടെ തോളിലിരുന്ന് കുഞ്ഞ് തൻറെ അച്ഛനെ ഉച്ചത്തിൽ വിളിച്ചതു കേട്ട യുവാക്കൾ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
കുഞ്ഞിൻറെ അമ്മയായ യുവതിയുമായി കയർത്ത അക്രമി സംഘം യുവതിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാൻ ചെന്ന ഭർത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു.
ആക്രമണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പ്രതികളിൽ ഒരാൾക്കെതിരെ പോക്‌സോ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് രണ്ടു പേർക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പോലീസ് അറിയിച്ചു
Discussion about this post