കൊച്ചി : കൊച്ചിയിൽ ഇലക്ട്രിക് പോസ്റ്റിലെ കേബിളിൽ ബൈക്ക് കുടുങ്ങി യാത്രക്കാരന് ഗുരുതര പരിക്ക്. വെണ്ണല ജംഗ്ഷനിലാണ് സംഭവം. മരട് സ്വദേശിയായ അനിൽ കുമാറിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ് 48 കാരനായ അനിൽ കുമാർ.
രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിന് പുറത്തേക്ക് വന്ന നിലയിലാണ് കേബിൾ ഉണ്ടായിരുന്നത്. റോഡിലൂടെ വന്ന ബൈക്ക് ഇതിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു വീണു. അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇനിയൊരു അപകടമുണ്ടാകാതിരിക്കാൻ കേബിൾ പോസ്റ്റിനോട് ചേർത്ത് കെട്ടി. ബൈക്ക് അമിത വേഗത്തിലല്ല വന്നത് എന്ന് നാട്ടുകാർ പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ നേരത്തെയും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
Discussion about this post