തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ട് ടണ്ണിലധികം ഭാരമുള്ള ഭീമൻ വാർപ്പ് കാണിക്കയാക്കി ലഭിച്ചു. 1,500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന വാർപ്പാണ് പരുമലയിൽ നിന്ന് ഗുരുവായൂരിലെത്തിച്ചത്. പ്രവാസി മലയാളിയായ ബിസ്നസ് പ്രമുഖൻ തൃശൂർ ചേറ്റുവ സ്വദേശിയായ എൻ.ബി പ്രശാന്താണ് വഴിപാടായി നാലുകാതൽ ഓട്ടു ചരക്ക് സമർപ്പിച്ചത്. ഈ മാസം 25 ന് ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും.
പരുമല ആർട്ടിസാൻസ് മെയ്ന്റനൻസ് ആൻഡ് ട്രഡിഷണൽ ട്രേയിംഗിന്റെ ചുമതലയുള്ള മാന്നാർ പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അന്തൻ ആചാരിയുടെയും മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിലാണ് വാർപ്പ് നിർമ്മാണം പൂർത്തിയാക്കിയത്.
40 ഓളം തൊഴിലാളികൾ ചേർന്ന് നാല് മാസം കൊണ്ടാണ് വാർപ്പിന്റെ പണി പൂർത്തിയാക്കിയത്. 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവുമാണ് വാർപ്പിനുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരം ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന രണ്ടു ടൺ ഭാരമുള്ള വലിയ വാർപ്പ് അനന്തൻ ആചാരിയുടെയും അനു അനന്തന്റെയും നേതൃത്വത്തിൽ നിർമ്മിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചിരുന്നു.
Discussion about this post