ഭോപ്പാൽ: രാമായണവും മഹാഭാരതവും വേദങ്ങളും ഉപനിഷത്തുക്കളും സംസ്ഥാനത്തെ കുട്ടികളെ പഠിപ്പിക്കുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. നമ്മുടെ സംസ്കാരത്തെയും ആത്മീയതയെയും മതവിശ്വാസങ്ങളേയും മഹത്തുക്കളേയും അവഹേളിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ചിലർ ഈ രാജ്യത്തുണ്ട്. അത്തരക്കാരുടെ ജൽപ്പനങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമായണവും മഹാഭാരതവും വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയുമൊക്കെ നമ്മുടെ അമൂല്യമായ ഗ്രന്ഥങ്ങളാണ്. മനുഷ്യനെ ധാർമികബോധമുള്ളവനും പരിപൂർണ്ണനുമാക്കാൻ ശേഷിയുള്ളവയാണ് ഇവയൊക്കെ. അതുകൊണ്ട്, സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഈ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ അഭ്യസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമനില്ലാതെ ഈ രാജ്യം അറിയപ്പെടുകയില്ല. രാമൻ നമ്മൾ എല്ലാവരിലും കുടികൊള്ളുന്നു. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും നമ്മൾ രാമനെ സ്മരിക്കുന്നു. ആ രാമനെ അധിക്ഷേപിക്കുന്നവരോട് പൊറുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാമായണത്തെ അധികരിച്ച് എഴുതിയ രാമചരിത മാനസത്തെ അധിക്ഷേപിച്ച് അടുത്തയിടെ ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ രംഗത്ത് വന്നിരുന്നു. രാമചരിത മാനസം രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നായിരുന്നു ചന്ദ്രശേഖറിന്റെ പ്രസ്താവന. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ.
Discussion about this post