തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന വിവാദ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകൾ. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആളെക്കൂട്ടുന്നത്.
തിരുവനന്തപുരം പൂജപ്പുരയിൽ വൈകീട്ട് ആറ് മണിക്ക് ഡോക്യമെന്ററി പ്രദർശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രചാരണം. കാലടി സർവകലാശാലയിലും കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐയും അറിയിച്ചിട്ടുണ്ട്. ജനുവരി 27 ന് ജില്ലയിലെ എല്ലാ ക്യാമ്പസിലും പ്രദർശിപ്പിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിന് സർവകലാശാല അധികൃതരുടെ പ്രത്യേക അനുമതി ആവശ്യമാണ്.
പ്രധാനമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന ഡോക്യുമെന്ററി സമൂഹമാദ്ധ്യമങ്ങൾ വഴി പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത് പ്രദർശിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും അറിയിച്ചുകൊണ്ട് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും രംഗത്തെത്തിയത്. ഔദ്യോഗിക ഗ്രൂപ്പുകളിലൂടെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം ജെഎൻയു സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ട് ഇടത് സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ സർവകലാശാല അധികൃതർ അനുമതി നൽകാതെ വന്നതോടെ ഇവർ ഇതിൽ നിന്നും പിന്മാറി. അതേസമയം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ അനുമതി വാങ്ങാതെ മുസ്ലീം വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post