തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
തിരുവനന്തപുരത്താണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഉച്ച മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തമാകും. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ലെന്നും കൊല്ലം മുതൽ കാസർകോട് വരെ ഇന്ന് വ്യാപക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഡഗാസ്കർ ദ്വീപിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് കാരണമാകുന്നത്. ശക്തമായ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ ഉണ്ടായേക്കാം.
അതേസമയം ശക്തമായ കാറ്റിന് സാദ്ധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളൊഴികെയുള്ള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത് എന്നാണ് നിർദ്ദേശം.
Discussion about this post