ഇൻഡോർ : ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ ഇന്ത്യ. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇരട്ട സെഞ്ച്വറി പാർട്ട്ണർഷിപ്പ് കണ്ടെത്തിയെങ്കിലും മദ്ധ്യ നിര തിളങ്ങാതായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യക്ക് 9 വിക്കറ്റിന് 385 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അർദ്ധ സെഞ്ച്വറിയാണ് ടീം സ്കോർ നാനൂറിനടുത്തെത്തിച്ചത്.
നേരത്തെ ഓപ്പണിംഗ് ബാറ്റർമാരായ ശുഭ്മാൻ ഗില്ലും ക്യാപ്ടൻ രോഹിത് ശർമ്മയും സെഞ്ച്വറികൾ നേടിയിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ ഇരുവരും പുറത്തായതും വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവും ഇഷാൻ കിഷനും ചെറിയ സ്കോറിലൊതുങ്ങിയതുമാണ് ഇന്ത്യ 400 കടക്കാതിരിക്കാൻ കാരണം. ഇന്ത്യക്ക് വേണ്ടി ശുഭ്മാൻ ഗിൽ 112 ഉം രോഹിത് ശർമ്മ 101 ഉം റൺസെടുത്തു. ഹാർദിക് പാണ്ഡ്യ 54 ഉം വിരാട് കോഹ്‌ലി 36 ഉം റൺസെടുത്ത് പുറത്തായി. വാലറ്റത്ത് മിന്നും പ്രകടനം നടത്തി ശാർദൂൽ ഠാക്കൂർ 17 പന്തിൽ 25 റൺസ് നേടി.
ന്യൂസ്‌ലൻഡിനു വേണ്ടി ജേക്കബ് ഡഫിയും ബ്ലെയർ ടിക്നറും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. ജേക്കബ്ബ് ഡഫി പത്തോവറിൽ നൂറു റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.
Discussion about this post