ഇൻഡോർ : ന്യൂസ്‌ലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാമത്തേയും അവസാനത്തേയുമായ ഏകദിന മത്സരത്തിൽ 90 റൺസിനാണ് ഇന്ത്യൻ വിജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. 386 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്‌ലൻഡ് 41.2 ഓവറിൽ 295 റൺസെടുത്ത് ഓൾ ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അൻപത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 385 റൺസാണ് നേടിയത്. ഓപ്പണർമാരായ ശുഭ്‌മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടേയും സെഞ്ച്വറിയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ സവിശേഷത. മദ്ധ്യ നിര കാര്യമായ സംഭാവന നൽകാത്തതു കൊണ്ടാണ് ഇന്ത്യൻ സ്കോർ 400 കടക്കാഞ്ഞത്. അർദ്ധ സെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യയാണ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസ്‌ലൻഡിന് റണ്ണൊന്നും എടുക്കുന്നതിനു മുൻപ് തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഫിൻ അലനെ ഹാർദിക് പാണ്ഡ്യ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഡെവൺ കോൺവോയ് – നിക്കോൾസ് സഖ്യം ന്യൂസ്‌ലൻഡ് സ്കോർ നൂറു കടത്തി. കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി നികോൾസ് പുറത്തു പോയത് ന്യൂസ്‌ലൻഡിന് തിരിച്ചടിയായി. മൂന്നാം വിക്കറ്റിൽ ഡാരിൽ മിച്ചലുമായി ചേർന്ന് കോൺവേ പ്രതീക്ഷയുണർത്തിയെങ്കിലും ശാർദൂൽ ഠാക്കൂറിന്റെ പന്തിൽ ഇഷാൻ കിഷൻ പിടിച്ച് മിച്ചൽ പുറത്തായതോടെ ന്യൂസ്‌ലൻഡിന്റെ പ്രതീക്ഷ അണഞ്ഞു.
ഡെവൺ കോൺവോയ് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് വേണ്ട പിന്തുണ ലഭിച്ചില്ല. ടോം ലാതവും ഗ്ലെൻ ഫിലിപ്സും തൊട്ടു പിന്നാലെ പുറത്തായതോടെ ന്യൂസ്‌ലൻഡ് പരാജയത്തിലേക്ക് നീങ്ങി. മിച്ചൽ ബ്രേസ്‌വെല്ലും സാന്റ്നറും അവസാന വട്ട ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ കാലിടറുകയായിരുന്നു. 100 പന്തിൽ 12 ബൗണ്ടറികളുടേയും 8 സിക്സറുകളുടേയും സഹായത്തോടെ കോൺവേ 138 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ശാർദൂൽ ഠാക്കൂറും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ വീതവും യുസ്‌വേന്ദ്ര ചഹൽ 2 വിക്കറ്റുകളും വീഴ്ത്തി.
പ്ലെയർ ഓഫ് ദ മാച്ചായി ശാർദൂൽ ഠാക്കൂറിനേയും പ്ലെയർ ഓഫ് ദ സീരീസായി ശുഭ്‌മാൻ ഗില്ലിനേയും തിരഞ്ഞെടുത്തു.
Discussion about this post