ഇലക്ട്രിക് ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട പുതിയ അപകട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓല എസ്1 പ്രോ അപകടത്തിൽ പെട്ട് തന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് അറിയിച്ചുകൊണ്ട് യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. സംക്രിത് പർമാർ എന്ന യുവാവാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അപകടവിവരം പങ്കുവെച്ചത്.
ഇന്നലെ തന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗതയിൽ ഓല സ്‌കൂട്ടർ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന് മുന്നിലെ സസ്‌പെൻഷനിൽ നിന്ന് ടയർ ഊരിത്തെറിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഭാര്യ വാഹനത്തിന് മുന്നിലേക്ക് തെറിച്ച് വീണു. മുഖത്തുൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആരാണ് ഈ അപകടത്തിന് ഉത്തരവാദി എന്നാണ് യുവാവ് ചോദിക്കുന്നത്.
Yestrday a horrific incident took place with my wife. She was riding her @OlaElectric at 9.15pm at a speed of about 35kmph when her front wheel just broke out of the suspension.She was thrown away in front and is in the ICU facing severe injuries. Who is responsible?@bhash pic.twitter.com/Ko8fmkiNGL
— Samkit Parmar (@SamkitP21) January 22, 2023
ഈ ട്വീറ്റ് പങ്കുവെച്ചതിന് പിന്നാലെ പരാതിയുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി? ചുറ്റും വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാലും യഥാസമയം ചികിത്സ ലഭിച്ചതിനാലും തന്റെ ഭാര്യ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. നീതി ലഭിക്കുന്നത് വരെ പോരാടാൻ എല്ലാവരും തയ്യാറാവണമെന്നും യുവാവ് പോസ്റ്റിൽ പറയുന്നു.
ഇതിന്റെ വീഡിയോയും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് യുവതി ഹെൽമെറ്റ് വെച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഓല സ്‌കൂട്ടറിന്റെയും സിഇഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിട്ടുണ്ട്.
Discussion about this post