ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ വന്ധമ ഗ്രാമത്തിൽ നടന്ന ഹിന്ദു കൂട്ടക്കൊലയ്ക്ക് 25 വയസ്സ്. നാല് കുട്ടികളും ഒൻപത് സ്ത്രീകളും ഉൾപ്പെടെ 23 കശ്മീരി ഹിന്ദുക്കളെയാണ് ഇസ്ലാമിക ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയത്. സൈനികരെ പോലെ വേഷം ധരിച്ചെത്തിയ അക്രമികൾ നാട്ടുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുക എന്ന ദൗത്യമാണ് ഇസ്ലാമിക തീവ്രവാദികൾക്ക് മുന്നിലുണ്ടായിരുന്നത്. അതിനായി താഴ്വരയിൽ അവശേഷിച്ച നാല് കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളെ ഇവർ നോട്ടമിടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ നാല് പേർ, ഒരു കുടുംബത്തിലേക്ക് തങ്ങളുടെ ബന്ധുക്കളെ കാണാൻ അതിഥികളായി എത്തിയതായിരുന്നു. അക്രമം നടന്ന് ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നാട്ടുകാരുടെ മനസിൽ നിന്നും ഭീതി ഒഴിഞ്ഞിട്ടില്ല.
തങ്ങളുടെ വിഭാഗത്തിനെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതോടെ നിരവധി കശ്മീരി പണ്ഡിറ്റുകൾ താഴ്വര വിട്ട് പോയിരുന്നു. എന്നാൽ വീട് വിട്ട് പോകാൻ തയ്യാറാകാതിരുന്ന കശ്മീരി പണ്ഡിറ്റുകളാണ് ഇസ്ലാമിക തീവ്രവാദികളുടെ ക്രൂരതയ്ക്ക് ഇരകളായത്. 25ാം തിയതി രാത്രിയാണ് ഇസ്ലാമിക ഭീകരർ ഹിന്ദു കുടുംബങ്ങളെ തിരഞ്ഞ് പിടിച്ച് കൂട്ടക്കൊല നടത്തിയത്.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സൈനികർ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുവെന്നാണ് നാട്ടുകാരിൽ പലരും കരുതിയത്. നാല് പണ്ഡിറ്റ് കുടുംബങ്ങളിലെ 24 പേരാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ ബദ്രിനാഥിന്റെ മകൻ അഷു എന്ന വിനോദ് കുമാർ മാത്രമാണ് ജീവനോടെ രക്ഷപെട്ടത്. വീടിന് അടുത്തുള്ള വൈക്കോൽ കൂനയിൽ ഒളിച്ചിരുന്നത് കൊണ്ട് മാത്രമാണ് വിനോദിന് ജീവനോടെ രക്ഷപെടാൻ സാധിച്ചത്.
അന്ന് 14 വയസ്സ് മാത്രമുണ്ടായിരുന്ന വിനോദ് സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ. സൈനികരുടെ വേഷം ധരിച്ചാണ് ഒരു കൂട്ടം തോക്കുധാരികൾ ഗ്രാമത്തിലേക്ക് എത്തിയത്. കുടുംബാംഗങ്ങളോടൊപ്പം ചായ കുടിക്കാനും ഭക്ഷണം കഴിക്കാനും ഇവർ കൂടി. ഇതിനിടെയാണ് ഇവർക്ക് ഒരു സന്ദേശം ലഭിക്കുന്നത്. പിന്നാലെ കുടുംബത്തിലെ എല്ലാവരേയും അവർ തിരഞ്ഞ് പിടിച്ച് വെടിവയ്ക്കുകയായിരുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെ വെടിവച്ചിട്ട ശേഷം അവരെ നിലത്തുകൂടി വലിച്ചിഴച്ചുവെന്നും വിനോദ് കുമാർ പറയുന്നു.
പ്രദേശത്തെ ക്ഷേത്രങ്ങളും ഹിന്ദു കുടുംബങ്ങളിലെ ആളുകളേയും അക്രമികൾ തിരഞ്ഞ് പിടിച്ച് നശിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ അബ്ദുൾ ഗഫാർ പറയുന്നു. ‘ അന്ന് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരുന്നു. ഇതിനിടയിൽ പുറത്ത് നിന്ന് വലിയ വെടിയൊച്ചകളും കരച്ചിലുമെല്ലാം കേൾക്കുന്നുണ്ടായിരുന്നു. സൈനികരാണെന്നാണ് ആദ്യം കരുതിയത്. അപ്പോഴാണ് ഒരാൾ ഓടിവന്ന് പണ്ഡിറ്റുകളുടെ വീടുകളും ക്ഷേത്രങ്ങളുമെല്ലാം അഗ്നിക്കിരയായെന്ന് പറയുന്നത്. എന്താണ് കാര്യമെന്ന് തിരക്കാൻ ഞങ്ങൾ പെട്ടന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. അപ്പോൾ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങളാണ് പലയിടത്തും കണ്ടതെന്നും’ അബ്ദുൾ ഗഫാർ പറയുന്നു.
ആക്രമണത്തിന്റെ പിറ്റേ ദിവസം കശ്മീരിലെ ഹിന്ദുക്കൾ ഡൽഹിയിലെ മനുഷ്യാവകാശ കമ്മീഷനിലേക്ക് നീതി ആവശ്യപ്പെട്ട് മാർച്ച് നടത്തി. 11ഓളം പേർക്കാണ് പോലീസ് ആക്രമണത്തിൽ പരിക്കറ്റത്. ആക്രമണം നടത്തിയതിന് പിന്നിൽ ലഷ്‌കർ ഇ ത്വയ്ബ ആണെന്ന് അന്നത്തെ കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും, ഹിസ്ബുൾ മുജാഹിദ്ദീൻ ആണ് ആക്രമണത്തിന് പിന്നിലെന്നും വാദമുണ്ട്.
ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന ഹിസ്ബുൾ മുജാഹിദ്ദീന്റെ അബ്ദുൾ ഹമീദ് ഗദയെ 2000ത്തിൽ സുരക്ഷാസേന കൊലപ്പെടുത്തി. 21 പാക് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിൽ 20 പേർ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. 2008ലാണ് കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നത്.
Discussion about this post