ഏറെക്കുറെ എല്ലായിടങ്ങളിലും പൊതുശൗചാലയങ്ങൾ വന്നതോടെ ആളുകളുടെ മൂത്രശങ്കയ്ക്ക് ഇപ്പോൾ യഥാസമയം അറുതിവരുത്താൻ സാധിക്കുന്നുണ്ട്. എന്നാൽ, ശൗചാലയങ്ങൾ ഉണ്ടെങ്കിലും ‘ഓപ്പൺ എയറിൽ‘ മൂത്രമൊഴിക്കുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ് എന്നാണ് ചിലരുടെ അഭിപ്രായം. ഇത്തരക്കാർ പ്രധാനമായും മൂത്രശങ്ക തീർക്കുന്നത്, വഴിയിൽ കാണുന്ന ചുവരുകളിലാണ്.
ഇത്തരത്തിൽ ചുവരിൽ മൂത്രമൊഴിക്കുന്നവരുടെ ദുശ്ശീലത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ലണ്ടനിലെ സോഹോ നഗരത്തിലെ പെയിന്റ് നിർമ്മാതാക്കൾ. ചുവരിൽ ഒഴിക്കുന്ന മൂത്രം, ഒഴിക്കുന്നവരുടെ ദേഹത്തേക്ക് തന്നെ തെറിക്കുന്നു എന്നതാണ് ഈ പെയിന്റ് അടിച്ചാലുള്ള ഗുണം.
രണ്ട് ഘട്ടമായാണ് ഈ ‘മൂത്രവിരുദ്ധ‘ പെയിന്റ് ചുവരിൽ അടിക്കുന്നത്. ആദ്യഘട്ടത്തിൽ അടിക്കുന്ന പ്രൈമർ ചുവരിന്റെ ഉപരിതലത്തെ മിനുസപ്പെടുത്തുന്നു. രണ്ടാം കോട്ടിൽ സിലിക്കയും അസെറ്റോണും ചേർന്ന പെയിന്റ് കൃത്യമായ അനുപാതത്തിൽ യോജിപ്പിച്ച് ചുവരിൽ പൂശുന്നു.
മണൽ പ്രധാന ഘടകമായ ഈ പെയിന്റിലെ സൂപ്പർ ഹൈഡ്രോഫോബിക് കോട്ടിംഗ്, ഇതിലേക്ക് ഒഴിക്കുന്ന എല്ലാ ദ്രാവകങ്ങളെയും അകറ്റുന്നു. ഇതാണ് ഇവിടെ മൂത്രമൊഴിക്കുന്നവരുടെ ദേഹത്തേക്ക് അത് തിരികെ തെറിക്കാൻ കാരണം.
മൂത്രമൊഴിച്ചാൽ പണി കിട്ടുമെന്ന മുന്നറിയിപ്പ് ബോർഡുകൾ ഇത്തരം മതിലുകളോട് ചേർന്ന് വെസ്റ്റ്മിൻസ്റ്റർ ഭരണകൂടം സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി വൻ വിജയമാണ് എന്നാണ് അധികൃതരുടെ അവകാശവാദം. ഈ പെയിന്റിന് ആഗോള പ്രചാരം ലഭിച്ചാൽ അനാവശ്യ ദുശ്ശീലമുള്ള ഒരു വിഭാഗത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാമെന്ന് പെയിന്റ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
Discussion about this post