തൃശൂർ: പോലീസുകാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. തൃശൂർ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസുകാരനാണെന്നും കഞ്ചാവ് കേസിൽപെടുത്തുമെന്നും യുവാക്കളെ ഭീഷണിപ്പെടുത്തി 45,000 രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ തളിപറമ്പ് ,മലപ്പുറം, എറണാകുളം സൗത്ത്, അന്തിക്കാട്, എന്നീ പോലീസ് സ്റ്റേഷനുകളിലായി 12 ൽ പരം കേസുകളുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ഡിസംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണലൂർ പുത്തൻകുളം സ്വദേശി നീരജ് കൂട്ടുകാരായ അതുൽ, ആദർശ്, എന്നിവരും ചേർന്ന് സ്‌കൂട്ടറിൽ വരുന്നതിനിടയിൽ പാന്തോട് സെന്ററിൽ വെച്ച് മോട്ടോർ സൈക്കിളിൽ വന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിർത്തി. തുടർന്ന് കഞ്ചാവ് പരിശോധന നടത്തുകയും ആദർശിന്റെ മുഖത്തടിക്കുകയും ചെയ്തു.
പിന്നീട് മൂവരെയുംകൂട്ടി ഇവരുടെ തന്നെ മറ്റൊരു കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്ക് പോയി. അവിടെവെച്ച് നാലുപേരെയും കഞ്ചാവ് ഉൾപ്പടെ വിവിധ കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപ കൈക്കലാക്കി.
തുടർന്ന് മൂവരെയും വീണ്ടും ഭീഷണിപ്പെടുത്തി കാഞ്ഞാണി ബസ്സ് സ്റ്റാൻഡിലെ എ.ടി.എമ്മിൽ നിന്ന് നീരജിന്റെ അമ്മയുടെ അക്കൗണ്ടിൽ നിന്നും 15,000 രൂപ കൂടി എടുപ്പിച്ച് മൊത്തം 45,000 രൂപയുമായി പ്രതി കടന്ന് കളയുകയായിരുന്നു.
Discussion about this post