2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നു കയറ്റമാണെന്ന് വ്യക്തമായിട്ട് കൂടി, അന്ധമായ രാഷ്ട്രീയ വിരോധം വച്ച് കൊണ്ട് കോൺഗ്രസും, സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഡോക്യുമെന്ററിക്ക് വേണ്ടി വാദിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്ന പൊള്ളയായ വാദമാണ് ഇക്കൂട്ടർ ഉയർത്തുന്നത്.
ഇന്ദിരാഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്തും സമാനമായ രീതിയിൽ ബിബിസിയുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. അന്ന് ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച നിലപാടുകൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്നത്തെ നേതൃത്വം ബിബിസി ഡോക്യുമെന്റി രാജ്യമെങ്ങും പ്രദർശിപ്പിക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.
1970ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകനായ ലൂയിസ് മല്ലെ സംവിധാനം ചെയ്ത ഡോക്യുമെന്ററി ബിബിസിയിൽ സംപ്രേഷണം ചെയ്തു. 1968നും 69നും ഇടയിൽ കൊൽക്കത്ത നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഇന്ത്യയിലെ ജനസാന്ദ്രതയുള്ള നഗരവും, പ്രധാന സാമൂഹിക-സാംസ്‌കാരിക കേന്ദ്രവുമായിരുന്നു കൊൽക്കത്ത നഗരം. 1968ൽ കൊൽക്കത്തയിലെത്തിയ മല്ലെ കൊൽക്കത്തയിലെ തെരുവുകളും ജനങ്ങളേയും ആധാരമാക്കിയാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.
എന്നാൽ ഡോക്യുമെന്ററിക്കെതിരെ നിരവധി പരാതികളാണ് ഇന്ത്യൻ ഹൈക്കമ്മീഷന് ലഭിച്ചത്. ചിത്രത്തിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം പക്ഷപാതപരമാണെന്നും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതികൾ യുകെ ഫോറിൻ ഓഫീസിലും എത്തി. എന്നാൽ ബിബിസിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. ഇതോടെ ഡോക്യുമെന്ററി പരമ്പര പിൻവലിക്കണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ബിബിസിയോട് നേരിട്ട് ആവശ്യപ്പെട്ടു. ബ്രിട്ടിന്റെ നീക്കങ്ങൾ അതിര് കടക്കുന്നുവെന്നും, ഇന്ത്യക്കാരെ ദ്രോഹിക്കുന്ന നടപടി തുടർന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്.
പിന്നാലെ 1970 ഓഗസ്റ്റ് 29ന് ഇന്ദിരാഗാന്ധി സർക്കാരിന്റെ ഉത്തരവ് പ്രകാരം ബിബിസിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കി. അടുത്ത 15 ദിവസത്തിനുള്ളിൽ ഡൽഹിയിലെ ബിബിസി ഓഫീസ് അടച്ചു പൂട്ടാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനം ഡൽഹിയിലെ ബിബിസി പ്രതിനിധികളായ മാർക്ക് ടുള്ളിയേയും, ലേഖകനായ റോണി റോബ്‌സനേയും അറിയിച്ചു.
ഇന്ത്യയിൽ തന്നെ ഇന്ത്യാ വിരുദ്ധ വികാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിന് ബിബിസിക്ക് പുറത്ത് നിന്ന് വലിയ പിന്തുണയും ലഭിച്ചിരുന്നു. വർഷങ്ങളോളം പക്ഷപാതപരമായി ബിബിസി നടത്തി വന്ന പ്രവർത്തനങ്ങൾ ഒടുവിൽ നിരോധനത്തിൽ കലാശിക്കുകയായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധി സർക്കാരിന് ഇക്കാര്യത്തിൽ എതിർപ്പ് നേരിടേണ്ടി വന്നത് രാഷ്ട്രീയ എതിരാളികളിൽ നിന്നായിരുന്നില്ല, മറിച്ച് അച്ചടിമാദ്ധ്യമങ്ങളിൽ നിന്നായിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ദ സ്റ്റേറ്റ്സ്മാൻ, ദി ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു തുടങ്ങിയവർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഒടുവിൽ 1971ന്റെ അവസാനത്തോടെ ബിബിസി രാജ്യത്ത് വീണ്ടും അവരുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 1975ൽ ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ 41 കോൺഗ്രസ് എംപിമാർ ബിബിസിക്കെതിരെ സംയുക്ത പ്രസ്താവനയിറക്കി. ബിബിസി ഇന്ത്യാ വിരുദ്ധ കഥകൾ മനപൂർവ്വം സൃഷ്ടിക്കുകയാണെന്നും, ഇക്കൂട്ടരെ നിരോധിക്കണമെന്നുമായിരുന്നു ആവശ്യം. ഇന്ത്യയിൽ ബിബിസിയെ റിപ്പോർട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ഒരവസരവും ബിബിസി പാഴാക്കിയിട്ടില്ലെന്നും ഈ പ്രസ്താവനയിൽ പറയുന്നുണ്ട്.
Discussion about this post