മെൽബൺ: ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിനെ അപലപിച്ചത്. രാജ്യത്തെ ഇന്ത്യക്കാരായ എല്ലാ അംഗങ്ങളേയും അവരുടെ സ്വത്തുക്കളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ഓസ്‌ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ചയാണ് മെൽബണിലെ ആൽബർട്ട് പാർക്കിലുള്ള ഇസ്‌കോണിന്റെ ഹരേകൃഷ്ണ ക്ഷേത്രം നശിപ്പിക്കപ്പെട്ടത്. ഈ മാസം 16ന് കാരംഡൗണിലെ ശ്രീശിവവിഷ്ണു ക്ഷേത്രവും 12ാം തിയതി മിൽ പാർക്കിലെ സ്വാമിനാരായണ ക്ഷേത്രവും ഖാലിസ്ഥാൻ തീവ്രവാദികൾ തകർത്തിരുന്നു.
അടുത്തടുത്ത് നടന്ന അക്രമങ്ങളിൽ മെൽബണിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇതിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിക്കുകയാണ്. ഇന്ത്യാ വിരുദ്ധ ഭീകരരാണ് ആക്രമണങ്ങൾ നടത്തിയത്. ചുവരുകളിലും മറ്റും അവർ കുറിച്ചിടുന്ന കാര്യങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും” കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ട്വിറ്ററിൽ പറയുന്നു. ജനങ്ങൾക്കിടയിൽ ഭീതിയും വിദ്വേഷവും വിതയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനകൾ ഓസ്‌ട്രേലിയയിൽ അവരുടെ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ്. ഇതിന്റെ ധാരാളം സൂചനകൾ പുറത്ത് വരുന്നുണ്ടെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കുന്നു.
Discussion about this post