തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ഉടമയും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും പ്രതിശ്രുത വധു രാധിക മർച്ചന്റും. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. രാവിലെ ഇരുവരും തിരുപ്പതി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
തിരുപ്പതിയിൽ നിന്നും ഹെലികോപ്റ്ററിൽ ആയിരുന്നു ഇരുവരും ഗുരുവായൂരിൽ എത്തിയത്. ശ്രീകൃഷ്ണ കോളേജിൽ വിമാനം ഇറങ്ങിയ ഇവർ റോഡ് മാർഗ്ഗം ശ്രീവത്സത്തിലെത്തി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഇവരെ സ്വീകരിച്ചു. ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇരുവരുടെയും ദേവസ്വം അധികൃതർ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്.
ക്ഷേത്രത്തിൽ എത്തിയ ഇവർ സോപാനത്തിന് മുൻപിൽ നിന്നും പ്രാർത്ഥിച്ചു. ഗുരുവായൂരപ്പന് ആനന്ദ് അംബാനി കാണിക്കയും അർപ്പിച്ചിട്ടുണ്ട്. വിവിധ വഴിപാടുകളും ഇവർ കഴിപ്പിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ഇരുവർക്കും ദേവസ്വം ചെയർമാൻ പ്രസാദം നൽകി. ഉപഹാരമെന്ന നിലയിൽ ഇവർക്ക് മ്യൂറൽ പെയിന്റിംഗും നൽകിയാണ് ദേവസ്വം അധികൃതർ യാത്രയയച്ചത്.
ആനക്കോട്ടയും ഇവർ സന്ദർശിച്ചു. ആനകൾക്ക് പഴമുൾപ്പെടെ നൽകിയാണ് ഇവർ ഇവിടെ നിന്നും മടങ്ങിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ആനന്ദും രാധിക മർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരും പുരിയിലും ദർശനം നടത്തിയിരുന്നു.
Discussion about this post