ന്യൂഡൽഹി: പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയിലെ മാർക്കിന്റെ പേരിൽ രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ മേൽ അനാവശ്യ സമ്മർദ്ദം ഏർപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ” കുട്ടികളെ അനാവശ്യ സമ്മർദ്ദത്തിലാക്കരുതെന്ന് ഞാൻ രക്ഷിതാക്കളോട് അഭ്യർത്ഥിക്കുകയാണ്. വിദ്യാർത്ഥികൾ ഒരിക്കലും നിങ്ങളുടെ കഴിവുകളെ കുറച്ച് കാണുകയും ചെയ്യരുത്. കുടുംബാംഗങ്ങൾക്ക് നിങ്ങളിൽ വളരെ അധികം പ്രതീക്ഷകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ സാമൂഹികപദവിയുടെ പേര് പറഞ്ഞ് കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നതും സമ്മർദ്ദം ഉണ്ടാക്കുന്നതും തെറ്റായ കാര്യമാണെന്നും’ പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പരീക്ഷാ പേ ചർച്ചയുടെ ആറാം പതിപ്പ് നടന്നത്.
സ്മാർട് വർക് ആണോ ഹാർഡ് വർക് ആണോ പ്രധാനം എന്നായിരുന്നു പ്രധാനമന്ത്രിയോടുള്ള ഒരു വിദ്യാർത്ഥിയുടെ ചോദ്യം ദാഹിച്ചു വലഞ്ഞ കാക്ക വെള്ളം കുടിച്ച കഥ പറഞ്ഞു കൊണ്ടാണ് കഠിനാധ്വാനത്തേയും ബുദ്ധിപരമായി ജോലി കൈകാര്യം ചെയ്യേണ്ടതിന്റേയും വ്യത്യാസം അദ്ദേഹം കുട്ടികൾക്ക് പറഞ്ഞ് നൽകിയത്.’ ചില ആളുകൾ ബുദ്ധിയുണ്ടെങ്കിലും പ്രവർത്തിക്കാറില്ല, എന്നാൽ ചിലരാകട്ടെ കഠിനാധ്വാനത്തിലൂടെ ഏറ്റവും മിടുക്കരായി മാറുന്നു. നമ്മൾ ഓരോ കാര്യങ്ങളേയും സൂക്ഷ്മമായി പഠിച്ച് അത് നേടുന്നതിനായി പ്രവർത്തിക്കണം. ക്രിക്കറ്റ് കളിയിൽ ഒരു ബാറ്റർ തന്റെ നേരെ എറിയുന്ന പന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. കാണികളുടെ ആർപ്പുവിളിയും മറ്റ് ബഹളങ്ങളുമെല്ലാം അവഗണിച്ചാണ് അവർ തങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പോലെ വിദ്യാർത്ഥികളും സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും” പ്രധാനമന്ത്രി പറഞ്ഞു
പ്രതിപക്ഷത്തിന്റേയും മാദ്ധ്യമങ്ങളുടേയും വിമർശനങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നായിരുന്നു മറ്റൊരു വിദ്യാർത്ഥി പ്രധാനമന്ത്രിയോട് ചോദിച്ചത്. ഇതിന് ചിരിച്ച് കൊണ്ട് വളരെ രസകരമായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. ” ഇത് സിലബസിന് പുറത്ത് നിന്നുള്ള ചോദ്യമാണ്. എങ്കിലും മറുപടി പറയാം. ജനാധിപത്യത്തിൽ വിമർശനങ്ങൾ എല്ലായ്‌പ്പോഴും ഒരു ശുദ്ധീകരണ പ്രക്രിയ ആണെന്നാണ്” പ്രധാനമന്ത്രി പറഞ്ഞത്. 38 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കുറി രാജ്യമെമ്പാട് നിന്നും പ്രധാനമന്ത്രിയുടെ പരീക്ഷാ പേര ചർച്ചയിൽ പേര് രജിസ്റ്റർ ചെയ്തത്.
Discussion about this post